Thursday, August 27, 2009

നിളേ..

ഇതോ നീയെന്‍ നിളേ, അതോ നിന്റെ
നിഴലില്‍ ,നീ വേഷം ധരിച്ചു കിടപ്പതോ?
കഥയറിയാതെ ഞാനിന്നു നിന്‍ തീരത്ത്,
കളിവീട് വീണൊരു കുട്ടിയായ് നില്‍ക്കുമ്പോ
നിന്റെ മുറിപ്പാടിന്‍ വേദന ഇപ്പൊഴീ,
രാത്രിയെ പോലും വ്യഥയിലാഴ്ത്തീടുമ്പോള്‍..
ഇരുളിന്റെ ഗാഢത കൂട്ടിയീ രാത്രിയും,
നിന്റെ ദു:ഖത്തില്‍ പങ്കു ചേര്‍ന്നീടുന്നു…
ശര ഭൂഷിണിയായ് മരണത്തിന്‍ ശയ്യയില്‍,
കണ്ണീരു പോലും വരണ്ടു കിടക്കുമ്പോള്‍,
വിളറിയൊരാകാശം മേഘങ്ങളില്‍ വറ്റൂം
തണ്ണീര്‍ നിനക്കായി പെയ്യാന്‍ ശ്രമിക്കുന്നു.
ഇടി മുഴക്കത്തിന്റെ രൂപത്തിലുച്ചത്തില്‍,
അലറി കരയുന്നു മേഘങ്ങള്‍ പോലുമേ…
തീരത്തു നില്ക്കും മരങ്ങളില്‍ പൂക്കാലം
വര്‍ണങ്ങള്‍ പെയ്തതും, നിര്‍ജ്ജീവമാകുന്നു..
നിന്നീടുന്ന തേനിന്‍ കണങ്ങളായ്,
സസ്യ ജാലങ്ങള്‍ നിനക്കായ് കരയുമ്പോള്‍…
എങ്ങിനെ ഞാന്‍ നിന്നെ ആശ്വസിപ്പിച്ചിടും?
എങ്ങിനെ ഞാന്‍ നിന്റെ കണ്ണീര്‍ തുടച്ചിടും?
മൌനമായ് ഞാനുള്ളില്‍ പ്രാര്‍ത്ഥിച്ചിടുന്നു നിന്,
നിത്യ ശാന്തിക്കായ് മരണത്തിനും മുന്‍പെ..
ഒരു തുള്ളി വെള്ളം നിന്‍ നാവിലൊറ്റിച്ചിടാന്‍,
എവിടുന്നു ഞാനെന്റെ കൈകള്‍ നനച്ചിടും?
കാണുവാന്‍ പൊലും കിടക്കാത്ത കറുകയാല്‍,
നിനക്കായി എങ്ങിനെ ബലിച്ചോറു നല്കീടും?
മുക്തിക്കു വേണ്ടി ഞാന്‍ നിന്റെ ചിതഭസ്മം
മറ്റേതു നിളയില്‍ നിമഞ്ജനം ചെയ്തിടും?
ഇന്നു നിന്നുള്ളിലവശേഷിക്കുമിത്തിരി വെള്ളം
നിന്‍ കണ്ണീരോ, ഒഴുകുന്ന രക്തമോ?
മാറു പിളര്‍ന്നൊരീ നിന്റെ പുത്രന്മാര്‍ തന്നെ,
ചെയ്യുന്ന പേക്കൂത്തിന്‍ ദൃഷ്ടാന്ത ചിത്രമോ?
നീ ഒഴുകാറുള്ള പാതകള്‍ കോണ്‍ക്രീറ്റിന്‍,
ഭെദ്യമല്ലാതുള്ള വിപിനമായ് മാറുമ്പോള്‍?
നാളെയീ വാനം നിനക്കായിയെത്രയും
പേമാരി പെയ്യിച്ചു നില്ക്കുവില്‍ കൂടിയും..
നിന്റെ അകലമാം ചരമം കുറിച്ചൊരീ മാനവര്‍
നിന്നെ തടഞ്ഞു നിര്‍ത്തീടുകില്‍.. തീരം തഴുകുന്ന
കുഞ്ഞോളമായി നീ എങ്ങിനെ വീണ്ടും ഒഴുകി നടന്നിടും?
അറിയാമെനിക്കു നീ ഉള്ളിലുറപ്പിച്ചാല്‍,
തടയുന്ന ശക്തികള്‍ കുത്തിയൊലിച്ചിടും..
എന്നിട്ടുമെന്തെ നീ സംഹാര രൂപിയായ്,
നിന്റെയതിരുകള്‍ വീണ്ടെടുക്കാത്തതും?
ഒഴുകു നീ എല്ലാം മറന്നൊന്നു കൂടി..
ഒഴുകു നീ ഉള്ളം നിറഞ്ഞൊന്നു കൂടി..
വഴി മുടക്കീടുന്നതെല്ലാം കടലിന്റെ
വഴിയെ പായിച്ചിട്ടു ഒഴുകു നീ വീണ്ടുമേ…

11 comments:

ശ്രീനാഥ്‌ | അഹം said...

വരിയും, ആശയവും കൊള്ളാം... പക്ഷെ തനി ഗദ്യരൂപമായോ... ഒരു ഒഴുക്കില്ലാത്ത പോലെ?

അതുപോലെ,
കളിവീട് വീണൊരു കുട്ടിയായ് എന്നതിലെ വീണൊരു മാറ്റി വല്ല ഉടഞൊരു, തകര്‍ന്നൊരു എന്നോ മറ്റോ ആക്കുന്നത് എങിനെ ഇരിക്കും?

പിന്നെ, ഫുള്‍ മലയാളത്തിന്റെ ഇടക്ക് ഇങ്ക്ലീഷ് കേറ്റിയത് നന്നായോ? (നീ ഒഴുകാറുള്ള പാതകള്‍ കോണ്‍ക്രീറ്റിന്‍,)

ഭാവുകങള്‍ !

എം പി.ഹാഷിം said...

nannaayi..!1

Sureshkumar Punjhayil said...

Nila... Marana chinthakalalle ini...!

Manoharamaya varikal...! Ashamsakal...!!!

വിനുവേട്ടന്‍ said...

അഭിനന്ദനങ്ങള്‍... ഒപ്പം എന്റെയും കുടുംബത്തിന്റെയും ഓണാശംസകളും...

Jiju said...

Hi,

nice...and keep going....

All the very best......!!

Jiju

Unknown said...

ഭാവുകങ്ങള്‍!

ബാലചന്ദ്രൻ ചുള്ളിക്കാട് said...

പുലാക്കാട്ട് രവീന്ദ്രൻ എന്ന കവിയുടെ ആരെങ്കിലുമാണോ അഞ്ജു?

VEERU said...

ഹും കൊള്ളാം ....അഭിനന്ദനങ്ങൾ...

ശ്രീനാഥ്‌ | അഹം said...

“എന്റെ ചിന്തകള്‍” ഇപ്പോ “എന്തേ ചിന്തകള്‍?” എന്നായോ? ചിന്തകളൊന്നും കാണുന്നില്ല...

paarppidam said...

നല്ല ആശയം വരിർകളിൽ അല്പം ചില മാറ്റങ്ങളോ അല്ലെങ്കിൽ അറ്റ്ഇലെ വാക്ക്കുകളിൽ ചില മാ‍ാറ്റങ്ങളോ ആകാം എന്ന് തോന്നുന്നു.അഭിനന്ദങ്ങൾ.ഇനിയും എഴുതുക.

Minesh Ramanunni said...

ഓര്‍മ്മയുണ്ടോ ഇടശ്ശേരിയുറെ കുറ്റിപ്പുറം പാലം എന്ന കവിത.
" അംബ പേരാരെ നീ മാരിപ്പോമോ
ആകുല മായോരഴുക്ക് ചാലായ്"
കഴിഞ്ഞ വര്‍ഷം നിള കണ്ടപ്പോള്‍ ചങ്ക് പൊട്ടി പോയി . ഇടശ്ശേരി 60 വര്‍ഷം മുന്‍പ് പറഞ്ഞ നദിയുടെ മരണം അസ്സന്നമായിരിക്കുന്നു.
നമ്മുടെ ഓര്‍മ്മകളിലെ നിള മരിച്ചു കഴിഞ്ഞിരിക്കുന്നു .. ആശയം ഗംഭീരം . വരികളില്‍ ഇത്തിരി കൂടി ഏകാഗ്രത ആവാമായിരുന്നു .