Tuesday, April 03, 2012

നീ


നീ തുടിച്ച് തുടങ്ങിയത് ഞാനറിഞ്ഞു തുടങ്ങിയിരുന്നു ....
നിന്നെ കാണാനുള്ള ദിവസങ്ങളെണ്ണി ഉറക്കമില്ലാതെ കിടക്കുമ്പോള്‍,
നിന്റെ ഹൃദയം എന്നോട് കാത്തിരിക്കാന്‍ പതുക്കെ പറയുന്നുണ്ടായിരുന്നു....
നിന്റെ കുഞ്ഞു ചിരി കേട്ട്, ഞാന്‍ പലപ്പോഴും ഞെട്ടിയുണര്‍ന്നു ...
എന്നെ മുറുക്കി പിടിക്കുന്ന നിന്റെ അഛന്റെ കൈകളില്‍, ഞാന്‍ നിന്നേയും ഒതുക്കി...
ചിലപ്പോള്‍ പകല്‍ വെളിച്ചത്തില്‍ ഞാന്‍ ചിരിച്ചു കൊണ്ടിരുന്നു...
നിന്നോട് വെറുതെ സംസാരിച്ചു കൊണ്ടിരുന്നു...
നിന്റെ കുസൃതികള്‍ക്ക് മൂളിക്കൊണ്ടിരുന്നു...

നീ പെണ്‍കുട്ടിയായിരിക്കണം എന്നാഗ്രഹിച്ചു...
നിന്റെ മുടികെട്ടി തരുന്ന്തുമ്, ഇടക്ക് സമ്മതിക്കാതെ നീ അഛന്റെ അടുത്തേക്ക്
ഓടിപ്പോവുന്നതും ഞാന്‍ സ്വപ്നം കണ്ടു...
അഛന്റെ പിന്നിലൊളിച്ച്, നീ അമ്മയെ കളിയാക്കി ചിരിക്കുനന്ത് ഞാന്‍ കണ്ടു...
ആ കൈകളില്‍ പിടിച്ച്, നീ പൂവിനേയും പൂമ്പാറ്റയെയും തൊട്ട്, ആയിരം ചോദ്യങ്ങള്‍ ചോദിച്ച് നടക്കുന്നത് ഞാന്‍ കണ്ടു...

കുഞ്ഞേ, നീ എന്തിനിത്ര സമയമെടുക്കുന്നു, ഈ അമ്മയുടെ കണ്‍മ്മുന്നില്‍ വരാന്‍..

ഓരോ നിമിഷവും പ്രതീക്ഷിച്ച് ആയിരമായിരം, സ്വപ്നങ്ങളും കുഞ്ഞുടുപ്പുകളും നെയ്ത്, അമ്മ കാത്തിരിക്കുകയാണ്‌ ...

ഞാന്‍ ആകെ മാറുന്നതായെനിക്ക് തോന്നി...

നീ വരുമ്പോള്‍ നിനക്കുറങ്ങാന്‍ അഛന്‍ വാങ്ങിയ തൊട്ടിലില്‍ ഞങ്ങള്‍ കളിപ്പാട്ടങ്ങള്‍ വാങ്ങി നിറച്ചു...

നീ വലുതാവുകയായിരുന്നു, എന്റെ വയറിനോടൊപ്പം ....
ഇപ്പോള്‍ നീയെന്നെ, ഇടക്കിടെ കൈ കൊണ്ട് തോടുന്നതെനിക്കറിയാം...
നീ സുന്ദരിയാണെന്ന്‌ ഡോക്ട്ടര്‍ ഒരിക്കല്‍ പറഞ്ഞു ...

ഇന്ന്‌ നീ വരികയാണ്‌ ...


അമ്മ ജീവിതത്തിലാദ്യമായി വേദന എന്തെന്നറിഞ്ഞു കൊണ്ടിരിക്കുന്നു...
അഛന്റെ കൈകള്‍ മുറുകെ പിടിച്ച്, നീ എന്റെ കൈകളിലേക്ക് വരുന്നതും ഓര്‍ത്ത് കിടക്കുമ്പോള്‍ ഞാന്‍ ഒന്നും അറിയുന്നില്ല...
നിന്റെ പട്ടു പോലുള്ള കവിളുകളില്‍ ആദ്യമായി ഉമ്മ വക്കാന്‍ കൊതിയാവുന്നു...
നിന്റെ കുഞ്ഞു വായയാല്‍ നീ എന്റെ സ്നേഹം നുകരുമ്പോള്‍, ഞാന്‍ പൂര്‍ണ്ണയാവും എന്നു തോന്നി....

പതുക്കെ വേദന ഇരുട്ടു പോലെ കണ്ണില്‍ നിറഞ്ഞു തുടങ്ങി...
ഒന്നുമൊന്നും കാണാന്‍ കഴിയുന്നുണ്ടായിരുന്നില്ല....

പതുക്കെ വെള്ളിമേഖങ്ങള്‍ എന്നെ വന്‌ മൂടുന്ന പോലെയെനിക്ക് തോന്നി..
പിന്നെയെനിക്കൊന്നും ഓര്‍മ്മയുണ്ടായിരുന്നില്ല...
ശബ്ദങ്ങള്‍ കുറവായ ഏതോ നേരം... ഞാന്‍ കണ്ണു തുറക്കാന്‍ പോവുകയാണ്‌...
എനിക്ക് നിന്നെ ആദ്യം കാണണമെന്നുണ്ടായിരുന്നു...
പക്ഷേ, ആരും നിന്നെ എന്റെ കയ്യില്‍ വച്ചു തന്നില്ല..
ഞാന്‍ എന്റെ കൈകള്‍ ചുറ്റിലും നീട്ടി...
നിന്നെ അവിടെയൊന്നും കാണാനുണ്ടായിരുന്നില്ല....

എവിടേയും...

നീ... നീ ദൂരെയപ്പോള്‍ അമ്പിളിമാമനോടൊപ്പം, കണ്ണു പൊത്തി കളിക്കയായിരുന്നു... അമ്മയെ പറ്റിച്ചു കൊണ്ട്, ല്ലേ ...??

പക്ഷേ, കണ്ണിലെ നീര്‍മുത്തുകള്‍ വീഴ്ത്താതെ, വിടര്‍ത്തിയ കൈകളും കൊണ്ട്, ഞാനിവിടെ കാത്തിരിക്കുകയാണ്‌... നീ വരുന്നതും കാത്ത് ......

Friday, January 27, 2012

ഇതിനു സംഗീതം കൊണ്ട് ജീവന്‍ പകര്‍ന്നത്, ഹരീഷ് ആണ്... വളരെ മനോഹരമായ ശബ്ദത്തില്‍...
Listen to this !!

Thursday, November 03, 2011

രഘുമാഷിന്റെ 'തീക്കിളി' പ്രകാശനം

 
 
പരിചയപ്പെടാന്‍ കഴിഞ്ഞിട്ടില്ല മാഷിനെ... തൊട്ടടുത്ത ക്ളാസ്സില്‍ മുഴങ്ങിക്കേട്ട ഈ ശബ്ദ ഗാംഭീര്യം പലപ്പോഴും അദ്ഭുതപ്പെടുത്തിയിട്ടുണ്ട്.. .. എങ്കിലും കവിയരങ്ങിലും മറ്റും പലപ്പോഴും ആരാധനയോടെ കേട്ടിട്ടുണ്ട്, ആസ്വദിച്ചിട്ടുണ്ട് ... !! 
 
 

Friday, October 28, 2011

കൊടിക്കുന്ന് ഭഗവതി ക്ഷേത്രം

                 ഇതൊരു യാത്ര വിവരണം അല്ല... കാരണം ഒരു യാത്രക്കൊടുവില്‍ ഞാന്‍ എത്തിച്ചേര്‍ന്ന ഒരു സ്ഥലമല്ല കൊടിക്കുന്ന് .. എന്റെ ജീവിതവുമായി വളരെയധികം ബന്ധപ്പെട്ടു കിടക്കുന്ന, അല്ലെങ്കില്‍ അതിന്റെ തന്നെ ഒരു ഭാഗമായ ഒരു സ്ഥലം എന്നതിനപ്പുറം, എവിടെക്കൊയോ ഒരു ആത്മബന്ധം ഈ സ്ഥലങ്ങളുമായി എനിക്കുണ്ടായിരുന്നിരിക്കണം...



കൊടിക്കുന്ന് ഭഗവതി ക്ഷേത്രത്തെ കുറിച്ചാണ്‌ പറയാന്‍ പോകുനന്ത്... ക്ഷേത്രം സ്ഥിതി ചെയ്യുന്നത്, പാലക്കാട് ജില്ലയിലെ, പട്ടാമ്പിക്കടുത്ത പരുതൂര്‍ പഞ്ചായത്തിലെ, പള്ളിപ്പുറത്താണ്‌ ..

അപ്പോള്‍ ഞാനിറങ്ങട്ടെ, അമ്പലത്തിലേക്ക്....

എന്റെ വീട്ടില്‍ നിന്നും ഒരു 2 കി.മി ദൂരം ഉള്ളതു കൊണ്ടാവണം (അതും നടന്നല്ലാതെ വേറെ ഒരു വഴിയും ഇല്ല പോവാന്‍ എന്നതിനാലും ) കൊടിക്കുന്നിലേക്ക് പോക്ക് വിരളമായിരുന്നു..ഇപ്പോഴും.. എങ്കിലും വിരളമായിക്കൊണ്ടിരിക്കുന്ന, ആല്‍ത്തറകളും, അമ്പലക്കുളങ്ങളും ഒരു പക്ഷേ nostalgia ഉണര്‍ത്തുന്നതു കൊണ്ടാവാം ഇടക്കെങ്കിലും ആ വഴിയെ പോവാറുണ്ടിപ്പോഴും ... കൊടിക്കുന്ന് അമ്പലം സ്ഥിതി ചെയ്യുന്നത് ഒരു ചെറിയ കുന്നിന്റെ മുകളിലാണ്‌ .. കോടി കുന്നാണത്രേ പില്‍ക്കാലത്ത് കൊടിക്കുന്നായി മാറിയത്. കുന്നിന്‍ മുകളിലേ അമ്മയെ കാണാന്‍ ചവിട്ടികയറേണ്ടത് അസംഖ്യം പടികളാണ്‌ .. പടിക്കെട്ടുകള്‍ മിക്കവാറും പൊട്ടിപ്പോളിഞ്ഞിരിക്കുന്ന അവസ്ഥയിലാണെങ്കിലും, മുകളില്‍ കാണാവുന്ന, ആലിലകളുടെ നേര്‍ത്ത സംഗീതം ആസ്വദിച്ചു നടന്നാല്‍ ക്ഷീണം അനുഭവപ്പെടുകയേയില്ല...എന്നാല്‍ നമുക്ക് വടക്കേ നടയിലൂടെ തന്നെ കയറാം, കാരണമ്, ഒരു പ്രശക്ത വ്യക്തിയുടെ ഓര്‍മ്മകളുറങ്ങുന്ന മണ്ണാണിത്.. അമ്പലക്കുളവും പടിക്കെട്ടുകളും പിന്നിട്ട് കയറുമ്പോള്‍ അമ്പലമതില്ക്കെട്ടിന്റെ തൊട്ടു തന്നെയുള്ള ഈ ഗൃഹത്തിലാണ്‌, സംസ്കൃതത്തെ മലയാളിയുടെ നെഞ്ചോടു ചേര്‍ത്ത പുന്നശ്ശേരി നമ്പിയുടെ ശിഷ്യനും എഴുത്തച്ഛന്‍ പുരസ്കാര ജേതാവുമായ ശ്രീ കെ. പി നാരായണ പിഷാരടിയുടെ ജന്മ ഗൃഹം... വടക്കേ നടയില്‍ ആദ്യം കാണുന്ന ഉപദേവത ക്ഷേത്ര പാലകനാണ്‌ ... (സത്യം പറയുകയാണെങ്കില്‍ ഒരായിരം തവണ പോയിട്ടുണ്ടെങ്കിലും കത്തുന്ന വിളക്കല്ലാതെ ഒരു വിഗ്രഹവും എനിക്കവിടെ കാണാന്‍ കഴിഞ്ഞിട്ടില്ല..).. വടക്കേ നടയില്‍ നിന്നും പുറത്തുകൂടി ഒന്നു ചുറ്റി കിഴക്കേ നടയിലെത്തി ഉള്ളിലേക്കു കയറുമ്പോള്‍ ആദ്യം കാണാവുന്നത് ശിവ പ്രതിഷ്ഠയാണ്‌ ... പ്രധാന ദേവതയായ ഭഗവതി(ദുര്‍ഗ്ഗ) വലതു വശത്ത് ശിവനും, ഇടതു വശത്തു കുറച്ച് മുന്നിലായി ഗണപതിയും നില കൊള്ളുന്നു.. ക്ഷേത്രത്തിലെ പ്രധാന വഴിപാട്, പട്ടു ചാര്‍ത്തല്‍, താലി ചാര്‍ത്തല്‍, ചെമ്പരത്തി മാല എന്നിവയാണ്‌  ... വസൂരിയും മറ്റ് പകര്‍ച്ച വ്യാധികളും വാണിരുന്ന ഒരു കാലത്ത്, ഇവിടെ നേര്‍ന്ന ഒരു വഴിപാടും വെറുതെയായിട്ടില്ല എന്നു വിശ്വസിക്കുന്ന ഒരു വലിയ ജന വിഭാഗം ഇന്നും ഇവിടെയുണ്ട് ... ഇന്നും ഏതസുഖം വന്നാലും ഒരു രൂപ ഭഗവതിക്കുഴിഞ്ഞു വയ്ക്കുന്ന പതിവും ഇവിടുത്തുകാര്‍ക്കുണ്ട് ... പുറത്തിറങ്ങിയാല്‍ ക്ഷേത്രത്തിന്റെ തെക്കേ നടയിലായി, എല്ലാ കാലത്തും പൂത്തു നില്‍ക്കുന്ന(ഒരു പൂവിതളെങ്കിലും കാണത്ത അവസരങ്ങളുണ്ടായിട്ടില്ല )ഒരു കൊന്നമരമുണ്ട്... ഇതാണ്‌ ശ്രീ മൂലസ്ഥാനം.. അമ്മ ആദ്യം വന്നിരുന്നത് ഇവിടെയായിരുന്നത്രേ ...

ഐതിഹ്യങ്ങള്‍ :


തെക്കേനടയില്ല ഈ ക്ഷേത്രത്തിനെന്നാദ്യമേ സൂചിപ്പിച്ചിരുന്നല്ലോ! അതിനെ കുറിച്ചൊരു കഥയുണ്ട്... അതിനായി ഒരു ദേവിയെ കൂടി പരിചയപ്പെടുത്തേണ്ടിരിക്കുന്നു... മുത്തശ്ശിയാര്‍ക്കാവിലമ്മയെ... പാലക്കാടു ജില്ലയില്‍ കൂത്തു താലപ്പൊലി നടക്കുന്ന അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണ്‌ ഇവിടെ നിന്നും ഒരു 6-7 കിലോമീറ്ററുകള്‍ക്കുള്ളില്‍ സ്ഥിതി ചെയ്യുന്ന മുത്തശ്ശിയാര്‍ക്കാവ്.. ഈ അമ്മക്ക് 3 മക്കളാണത്രേ ... അതില്‍ മൂത്ത ആളാണ്‌ കൊടിക്കുന്നിലമ്മ... ഒരു ദിവസം ഇവര്‍ നാലു പേരും കൂടി ഒരു യാത്ര പോവുകയായിരുന്നു...അപ്പോള്‍ തൂതപ്പുഴയില്‍  ഹരിജനങ്ങളുടെ കളി കണ്ടു നിന്നത്റേ ഒരു ദേവി... പോവാന്‍ നേരമായിട്ടും വരാതിരുന്ന ദേവിയെ അമ്മ കല്‍പ്പിച്ച് അവരുടെ ദേവിയാക്കിയെന്നു ... ഈ ദേവിയാണ്‌ കണക്കര്‍ക്കാവിലമ്മ.. മലപ്പുറം ജില്ലയില്‍ തൂതപ്പുഴയോരത്ത് ഇരുമ്പിളിയത്താണ്‌ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ... ഇവിടുത്തെ വിഷു വേല, ഈ രണ്ടു ജില്ലക്കാരും വളരെ ആഘോഷമായി ഇന്നും കൊണ്ടാടുന്നു .... ഇതു പോലെ മറ്റൊരു ഐതിഹ്യം കൂടി നിലവിലുണ്ട്, മറ്റൊരു യാത്ര വേളയില്‍  വഴിയില്‍ ഒരു മൃഗബലി നടക്കുന്നതു കണ്ട് രണ്ടാമത്തെ ആള്‍ നോക്കി നിന്നത്രേ... ഇതിന്റെ പേരില്‍ കൊടിക്കുന്നിലമ്മയും ആ ദേവിയും കൂടി വഴക്കായി.. ഒടുവില്‍ ഇനി നിന്നെ ഒരിക്കലും കാണണ്ട എന്നു പറഞ്ഞ് അവര്‍ സഹോദരിമാര്‍ പിരിഞ്ഞുവെന്നുമാണ്‌ കഥ ... ആ ദേവിയാണ്‌ കൊടുങ്ങല്ലൂരമ്മ.. ഇപ്പോഴും കണക്കര്‍ക്കാവിലും കൊടിക്കുന്നത്തും തെക്കേ നടവാതില്‍ കൊട്ടിയടച്ച നിലയിലാണ്‌ ... കുളവുമില്ല... കൂടാതെ കൊടിക്കുന്നിലമ്മ ഒരു നിര്‍ദ്ദേശവും ദേശക്കാര്‍ക്കു നല്‍കിയിട്ടുണ്ട്.. അമ്മയെ വിശ്വസിക്കുന്ന ആരും കൊടുങ്ങല്ലൂരു പോവാനും പാടില്ല എന്നും...

മേളത്തോള്‍ അഗ്നിഹോത്രിയുടെ യാഗങ്ങളേ കുറിച്ചു കേട്ടിട്ടില്ലേ ... ഒരിക്കല്‍ കാവേരി നദിയില്‍ ഒരു വമ്പന്‍ ചുഴി പ്രത്യക്ഷപ്പെട്ടത്രേ...അഗ്നിഹോത്രിക്കു മാത്രമെ ഇതിനൊരു പരിഹാരം കാണാനാവൂ എന്നു, നദീതീരത്തുള്ള ഒരു അമ്മ്യാര്‍ പെണ്‍കുട്ടിക്ക് ഒരു സ്വപ്ന ദര്‍ശനം ഉണ്ടായി.. അങ്ങനേ അവിടെയെത്തിയ അഗ്നിഹോത്രി നദിയിലേക്ക് ഇറങ്ങി ചെന്നുവെന്നാണ്‌ കഥ... മൂന്നാം ദിവസം അദ്ധേഹം കയ്യില്‍ 3 ശൂലങ്ങളുമായി എണീറ്റു വന്നുവെന്ന്‌ ... അതിലെ സ്വര്‍ണ്ണം കൊണ്ടുള്ളത് സ്വന്തം ഇല്ലത്തും(വേമന്ചേരി), വെള്ളി കൊണ്ടുള്ളത് വെള്ളിയാങ്കല്ലും, ചെമ്പു കൊണ്ടുള്ളത് കൊടിക്കുന്നത്തും സ്ഥാപിച്ചെന്നാണ്‌ ഇവിടെ നിലവിലുള്ള മറ്റൊരുകഥ...

എന്റെ അമ്മ പറഞ്ഞ മറ്റൊരു കഥയുണ്ട്: പണ്ട് എന്റെ അമ്മയുടെ കുടുംബത്തില്പെട്ട ഒരു സ്ത്രീയ്ക്ക് ഗന്ധര്‍വന്റെ ബാധ ഉണ്ടായി.അവസാനം വലിയൊരു താന്ത്രികനെ കൊണ്ടു വന്ന് അവര്‍ ആ ബാധ ഒഴിപ്പിച്ചു.താന്‍ ഒഴിഞ്ഞുപോയി എന്നതിനു തെളിവായി വടക്കെ നടയിലെ ആല്‍ മരത്തിലെ ഒരു കൊമ്പ് ഒടിഞ്ഞ് വീണിട്ടുണ്ട് എന്നും ഗന്ധര്‍വ്വന്‍ പറഞ്ഞത്രേ.അതനുസരിച്ച് വീട്ടുകാര്‍ പോയി നോക്കിയപ്പോള്‍ ആല്‍ക്കൊമ്പ് ഒടിഞ്ഞു വീണതായി കാണപ്പെട്ടുവെന്നാണ്‌ കഥ.

ഉത്സവങ്ങള്‍:


സധാരണ ഭഗവതി ക്ഷേത്രങ്ങളുടെ പൊതുവെയുള്ള പ്രത്യേകത, പ്രതിഷ്ഠാ ദിനം പൂരത്തിനായിരിക്കും, അന്നാവും ഉത്സവം എന്നതാണ്.. എന്നാല്‍ കൊടിക്കുന്നത്തെ പ്രതിഷ്ടാ ദിന ഉത്സവം അറിയപ്പെടുന്നത് പൂരം പടഹാരം എന്നാന്‌ ... ഉത്സവമാകട്ടെ കൊണ്ടാടുന്നത് ചിറങ്കരയിലുമാണ്‌ .. ചിറങ്കര, കൊടിക്കുന്നിനോട് ചേര്‍ന്നുള്ള ഒരു വിഷ്ണു ക്ഷേത്രമാണ്‌ ... കാളകളും പൂതനും തിറയും എല്ലാം ഉള്ള ഒരു വള്ളുവനാടന്‍ പൂരമാണിത്. മറ്റൊരു പ്രത്യേകത ഇതൊരു പാട്ടു താലപ്പൊലിയാണെന്നാണ്‌ .. പാട്ടു കൂറയിട്ട്, 18 കളം പാട്ടുകള്‍ക്കു ശേഷം വരുന്ന വെള്ളീയാഴ്ച(മീനമാസത്തിലെ)യാണ്‌ ചിറങ്കര പൂരം. 18 ദേശങ്ങളാണ്‌ ഈ പൂരത്തില്‍ പങ്കേടുക്കുന്നത്... ഓരോ ദെശവും ഇന്നും പാരമ്പര്യ ആചാരങ്ങളൊന്നും തെറ്റിക്കാതെ വളരെ ആഖോഷപൂര്‍വ്വം പൂരം കൊണ്ടാടുന്നു... ഇതിണോടനുഭന്ധമായി ഞാന്‍ കേട്ടിട്ടുല്ല ചില കാര്യങ്ങളെന്താണെന്നു വച്ചാല്‍ പാട്ടു കൂറയിട്ടു കഴിഞ്ഞാല്‍, പൂരം കഴിഞു കൂറ വലിക്കുന്നതൌ വരെ തട്ടകം വിട്ട് പോവരുത് എന്നാണ്‌.. (കഴിഞ്ഞ വര്‍ഷം ഇതിനിരയായതാണു ഞാന്‍ :( ആ സമയത്ത് എന്നെ വീട്ടില്‍ നിന്നും പതുക്കെ മാറ്റിയിരുന്നു.. നേരിട്ടു കാര്യം പറഞ്ഞാല്‍ ഞാന്‍ പരീക്ഷിക്കാനായി നില്‍ക്കും എന്നറിയുന്നതു കൊണ്ടാവണം, പാട്ടു കൂറയിട്ടു കഴിഞ്ഞ് അമ്പലത്തില്‍ വെടി പൊട്ടിയതിനു ശേഷമേ, എന്നെ വീട്ടിലേക്കു തിരിച്ചു കൊണ്ടു വന്നുള്ളൂ :( ).കൊടിക്കുന്നുമായി ബന്ധപ്പെട്ട മറ്റൊരു ഉത്സവമാണ്‌ കതിരറ്റ വേല... വിളവേടുപ്പിന്റെ ഉത്സവമാണിത്.. ആദ്യമായി വിളയുന്നതിന്റെ ഒരു ഭാഗം നന്ദി സൂചകമായി ദേവിക്കു അര്‍പ്പിക്കുനതും ഇന്നേ ദിവസമാണ്‌ ... കതിരറ്റവേലയുടെ ദിവസം പാക്കനാരുടെ പിന്‍ തലമുറക്കാര്‍ ഇവിടെ ആഘോഷ പൂര്‍വം വന്ന്‌ അവരുടെ കാഴ്ചദ്രവ്യങ്ങള്‍ അര്‍പ്പിച്ചുപോകുന്നു. ഇവിടത്തെ മറ്റൊരു ഉത്സവമാണ്‌ മകരചൊവ്വ.മകരമാസത്തിലെ
ആദ്യത്തെ ചൊവ്വാഴ്ച ഇവിടെ പ്രത്യേക പൂജകള്‍ നടത്തുന്നു.


ക്ഷേത്രത്തിന്റെ അധികാരി സാമൂതിരി രാജയാണ്‌ ... ക്ഷേത്രം ഭാരവാഹികളില്‍, അക്കിത്തവും എം.ടിയും എല്ലാമുണ്ട് ... എല്ലാ വര്‍ഷവും പൂരം പടഹാരത്തോടനുഭന്ധിച്ച് കൊടിക്കുന്ന്‌ ദേവി പുരസ്കാരം  നല്കുന്ന പതിവുമുണ്ട്...

കൊടിക്കുന്നു അമ്പലത്തിലെ ഭഗവതി പടിഞ്ഞാട്ട് തിരിഞ്ഞാണ്‌ഇരിക്കുന്നത്. ഇവിടത്തുകാര്‍ ഒരു കാര്യം ഉറപ്പിച്ചു പറയുന്നതു "കൊടിക്കുന്നത്തമ്മ പടിഞ്ഞാട്ടു തിരിഞ്ഞാണിരിക്കുന്നതെങ്കില്‍ ഞാന് പറയുന്നതു സത്യമാണ്‌ "എന്നു പറഞ്ഞാണ്.ഒരുപാട്‌ ഐതിഹ്യങ്ങള്‍ ഉറങ്ങി കിടക്കുന്നതാണിവിടുത്തെ ഓരോ പ്രദേശവും... എം.ടിയുടെ പടക്കം എന്ന കഥയില്‍ പരാമര്‍ശിച്ചിരിക്കുന്നതു പോലെ, ശിക്ഷിക്കേണ്ടവരെ ശിക്ഷിച്ചും നേര്‍ വഴികാണിച്ചും വിശ്വസിക്കുന്നവര്‍ക്ക് കൂട്ടായും ഒരു ദേവി, ദൈവം എന്നതിനപ്പുറം ഒരു ആത്മ വിശ്വാസമായി, കൈത്താങ്ങായി ഈ നാട്ടുകാര്‍ക്കിടയില്‍ കുടിയിരിക്കുന്നുണ്ട് ... ഇവിടെ അന്ധവിശ്വാസങ്ങള്‍ക്കപ്പുറം അചാരനുഷ്ടാങ്ങളെ വക വക്കുന്ന, അതിനു വളരെയേറെ വില കല്‍പ്പിക്കുന്ന ഒരു വിഭാഗമുണ്ട് ... രോഗമുക്തിക്കും, കാര്‍ഷിക അഭിവൃദ്ധിക്കും, നെടു മാംഗല്യത്തിനും അവറീ നടയില്‍ നിന്നും പ്രാര്ഥിക്കുന്നു... സത്യങ്ങളെന്തോ ആവട്ടെ, ആരോ എവിടെയോ ഇരുന്നു തങ്ങളെ സംരക്ഷിക്കാനുണ്ടെന്ന വിശ്വാസം നല്‍കുന്ന കരുത്തുമായി ജീവിക്കുന്ന ആ ജനതകായി ഇതു സമര്‍പ്പിക്കുന്നു...

എത്തിച്ചേരാന്‍:


പ്രധാനമായും 3 വഴികളിലൂടെ വരാം

1) പട്ടാമ്പി വഴിയാണെങ്കില്‍ പള്ളിപ്പുറം ബസ്സില്‍ കയറി ഏതാണ്ടൊരു 12 കിലോമീറ്ററുകള്‍ക്കുള്ളില്‍ കൊടിക്കുന്ന് എത്തുമ്പോള്‍ ഇറങ്ങുക... ബസ് സ്റ്റോപ്പിനു വളരെ അടുത്താണ്‌ ക്ഷേത്രം.

2) തൃത്താലയില്‍ നിന്നും വെള്ളിയാങ്കല്ലു പാലത്തില്‍ നിന്നും പള്ളിപ്പുറം ഭാഗത്തേക്ക് വന്നാല്‍ ഒരു ഏതാണ്ടൊരു 2-3 കിലോമീറ്ററുകള്‍ക്കുള്ളില്‍ കൊടിക്കുന്ന് എത്താം.

3) വളാന്ചേരി ഭാഗത്തു കൂടി വരുകയാണെനില്‍ അന്ച്ജു മൂല, കരുവാന്‍ പടി വഴി പോകുന്ന ബസ്സുകളില്‍ കയറി, പാലത്തറ ഗേറ്റില്‍ നിന്നും പള്ളിപ്പുറത്തേക്കുള്ള റോഡില്‍ എതാണ്ടൊരു 2 കിലോമീറ്ററുകള്‍ക്കുള്ളില്‍ കൊടിക്കുന്ന് എത്താം.

Thursday, September 15, 2011

അറിയുക നീ ...

അറിയുക നീ ഇനിയെങ്കിലും…
അറിയുക നീയെന്റെ പ്രണയമെന്ന്,
അറിയുക ഞാന്‍ നിന്റെ സ്വന്തമെന്നും,
ഉടല്‍ പുണരുന്നൊരു മഴയായി നിന്നില്‍ -
പൊഴിയുന്നതെന്റെ കണ്ണീരെന്നും,
അറിയുക നീ ഇനിയെങ്കിലും…
നിന്നെ മൂടിയൊതുക്കിയ, മേഘങ്ങളില്‍,
നീ കണ്ട കറുപ്പു മറക്കുക,
പകരം, ഞാനെന്നൊരീ നിറമാര്‍ന്ന
വര്‍ണ്ണരാജിയെ തന്നോടു
ചേര്‍ക്കുക..
ആയിരം വസന്തമൊരുക്കാനെനിക്കാവില്ലയെന്നാല്‍
നിന്റെ കണ്ണീരൊണക്കാന്‍, ഒരു കുഞ്ഞു സൂര്യനായ്‌
സ്വയം അലിഞ്ഞുരുകാനെനിക്കായിടും…
തൊലിയുരിയാന്‍ വെമ്പുന്ന നിന്റെ സര്‍പ്പങ്ങളെ,
എന്നിലേയ്ക്കയക്കുക…
അവയുടെ ദാഹം തീര്‍ക്കാനെന്റെ ജീവരക്തം ഞാന്‍ പകരം നല്‍കാം
നിന്റെ ചവിട്ടേറ്റു പിടയുന്നൊരു നിന്‍ നിഴലായി,
വടിച്ചു മാറ്റുന്ന
വിയര്‍പ്പായി,
നിന്റെ തണലായി,
നീയറിയാതെ, ഞാനൊപ്പമുണ്ടെന്നറിക…
അറിയുക നീ ഇനിയെങ്കിലും….
നിന്റെ മനോനീഢത്തിലേക്കിറങ്ങി വന്ന,
ചിറകൊടിഞ്ഞ പക്ഷിയാണു ഞാന്‍,
എന്നെ നിന്റെ തടവിലാക്കുക,
അവിടെ,
പൂത്തുലഞ്ഞ മരമായിയെന്റെ പ്രണയവും,
ഒരിക്കലും മടങ്ങാത്ത വണ്ടായി നീയും
സ്വയം മറന്നൊന്നു ചേരട്ടെ,
എന്റെ ഹൃദയമിടിപ്പുകള്‍ ഞാനീ വിണ്ണില്‍
വിതറുന്നു,
നക്ഷത്രങ്ങളായവ പുനര്‍ജ്ജനിക്കട്ടെ,
അതണയും വരെ, എനിക്ക് നിന്നെ കണ്ടു കൊണ്ടിരിക്കാമല്ലോ!
ഇതെന്റെ ഹൃദയമാണെന്നറിക,
ഒതുക്കി ഞാന്‍ വച്ചൊരെന്റെ വികാരങ്ങളുടെ,
ചിറകിലേറ്റി, ഞാനയക്കുന്നു നിന്നിലേക്ക്
നിനക്കതേറ്റു കൊള്ളാം; ഇല്ലെങ്കിലും,
അതു നിന്നിലേക്കലിയുമെന്നതും അറിക നീ…
നീ ശ്വസിക്കുന്ന കാറ്റിലും, കുടിക്കുന്ന നീരിലും,
മണക്കുന്ന പൂവിലും,
കേള്‍ക്കുന്ന പാട്ടിലും
അതു പിറക്കുമെന്നും, അറിക നീ…
എന്റെ തുടക്കവും ഒടുക്കവും,
നിന്നിലെന്നും
അറിയുക നീ ഇനിയെങ്കിലും,
വെറുതെ അറിയുക നീ ഇനിയെങ്കിലും…

Wednesday, September 07, 2011

ഇനി മടങ്ങട്ടെ ... !


ഒളിച്ചു കളിക്കായാണെന്റെ കവിതയിപ്പോള്‍,
പിടി തരാതെ, തൂലികത്തുമ്പു തുരുമ്പിച്ചു...!
ഒഴിക്കാനൊരു തുള്ളി മഷിയില്ലയിന്നെന്നില്‍,
ചുടു ചോര പോലും വെറും വെള്ളമായ് മാറുന്നു..
വലിയൊരു കാന്‍വാസു പോലെയീ ജീവിതം
വെളുക്കെ ചിരിച്ചെന്റെ മുന്നില്‍ കിടക്കുന്നു...
ചായ്യവേ ഇത്തിരി വെമ്പലോടെങ്കിലും,
കുതറി മാറീടുന്നു, ചുമരുകള്‍ ചുറ്റിലും !!
തനിയെയാവുന്നതിന്‍ വേദന, ഇരുളിന്റെ പേടിയില്‍
പതിയെ അലിഞ്ഞുതിര്‍ന്നീടുന്നു..
പടിവാതില്‍ ചാരി പതിയെ നടക്കുമ്പോള്‍
പറയാത്ത വാക്കുകള്‍ കാലടി തടുക്കുന്നു...
വെറുതെയീ നിനവിലൊരായിരം താരങ്ങള്‍
പതിയെ പതിയെ തിരി താഴ്ത്തി മയങ്ങുന്നു
മനസ്സിന്റെ അറിയാത്ത വേദിയിലെങ്ങാണ്ടോ,
കെട്ടിയാടുന്നുണ്ട് കോലങ്ങള്‍ !! ഒന്നുമറിയാതെ...
സദസ്സ് നിശബ്ദമായ് നെടുവീര്‍പ്പു തീര്‍ക്കുമ്പോള്‍
വേദിയില്‍ വേഷങ്ങള്‍ നിശ്ചേതരാവുന്നു...
ഇനി മടങ്ങട്ടെ ചിരിക്കാത്തൊരായിരം
മുഖങ്ങളില്‍ ഭാവങ്ങള്‍ തേടുന്നതും നിര്‍ത്തി..

കവിത തൂവാതെ ചുണ്ടുകള്‍ പിടയുന്നു,
കവിത മരിക്കയണാവോ എന്നിലിപ്പോള്‍... !!

ഇനി മടങ്ങട്ടെ പാഥേയമില്ലാതെ,
തല ചായ്ക്കാന്‍ മരത്തണലേതുമില്ലാതെ...!
ഇനി മടങ്ങട്ടെ ... !

Monday, March 14, 2011

ഒരു തീവണ്ടിയുടെ ഓര്‍മ്മക്ക് .....

ഒരു തീവണ്ടിയുടെ ചൂളം വിളിയോ, പുകയുയര്‍ത്തി കടന്നു പോവുന്ന ഒരു തീവണ്ടിയുടെ വാങ്മയ ചിത്രമോ ഇല്ലാതെ, ഒരു നൊസ്റ്റാള്‍ജിയ മലയാളികള്‍ക്കുണ്ടാകുമോ എന്നറിയില്ല... എന്തു തന്നെ ആയാലും എന്റെ ഗൃഹാതുരമായ ഓര്‍മ്മകള്‍ക്ക് ഒരു തീവണ്ടിയുടെ നിറവും, ശബ്‌ദവും എല്ലാം ഉണ്ട് ... ഒരു പക്ഷേ, ഒരു തീവണ്ടിപ്പാതയെ ആശ്രയിക്കുന്ന ഒരു വലിയ ജന വിഭാഗത്തെ പ്രതിനിധീകരിക്കുന്നതു കൊണ്ടാവാം അത്....

പറഞ്ഞു വന്നത്, ഈ മാര്‍ച്ച് 12 നു നമ്മള്‍ അധികം പേരൊന്നും അറിയാതെ ഒരു ദിനം കടന്നു പോയി .... കേരളത്തില്‍ റെയില്‍വേ ആരംഭിച്ചിട്ട്, 150 വര്‍ഷങ്ങള്‍ ....അതായത്, മാര്‍ച്ച് 12,1861 -ല്‍ ആയിരുന്നു നമ്മള്‍ മലയാളികള്‍ ആദ്യമായി, ഒരു ചൂളം വിളി കേട്ടത് ... ആദ്യത്തെ റെയില്‍പ്പാത, വാണിജ്യാവശ്യം ബ്രിട്ടീഷുകാര്‍(Madras Railway Company) ബേപ്പൂരില്‍ നിന്നും തിരൂര്‍ വരെ ഓടിച്ചു ... അതായത് 30.6 KM ​ദൂരം

കേരളത്തിലെ രണ്ടാമത്തെ റെയില്‍പ്പാത തിരൂരിനും കുറ്റിപ്പുറത്തിനും ഇടയിലായിരുന്നു .. 1861 മെയ് മാസം 1 നു ..

ഞങ്ങളുടെ നാട്ടിലൂടെ തീവണ്ട് ഓടിയത് എന്നാണെന്നറിയോ ???? 1862 ഏപ്രില്‍ 14ന്‌ ... കേരള റെയില്‍വേയുടെ മൂന്നാം ഘട്ടമായിരുന്നു അത് ... 105 KM ദൂരമുള്ള, പട്ടാമ്പി-പോതനൂര്‍ പാതയായിരുന്നു അത്... ഇതിനോടൊപ്പം തന്നെ, 3 ഇടയില്‍ പള്ളിപ്പുറം സ്ടേഷന്‍ നിര്‍മ്മിച്ച് ഒരു പാത കൂടി നിര്‍മ്മിക്കപ്പെട്ടു ... 37KM ദൂരമുള്ള, കുറ്റിപ്പുറം - പട്ടാമ്പി പാതയും... 1862 സെപ്റ്റമ്പര്‍ 23നു ...

അപ്പുണ്ണിയും സേതുവും എല്ലാം ഇറങ്ങിയ, ഒരു റെയില്‍വേ സ്റ്റേഷന്റെ ചരിത്രം അവിടെ ആരംഭിക്കുകയായിരുന്നു .... ഇപ്പോഴും കരിയന്നൂര്‍ പാലത്തിനു മുകളിലൂടെ പോകുന്ന ഓരോ തീവണ്ടിയും ഞങ്ങള്‍ പള്ളിപ്പുറംകാരെ, നിളയുടേയും തൂതയുടെയും സംഗമസ്ഥനത്തു നിന്നും ഒരു ഉയിര്‍ത്തു പാട്ടു കേള്‍പ്പിക്കുന്നു .....

നിങ്ങളും കേട്ടിട്ടുണ്ടാവില്ലേ, ഉറക്കം വരാത്ത രാത്രികളില്‍,പുറത്ത് മഴത്തുള്ളികളുടെ ശബ്ദത്തിനൊത്ത് ഇരമ്പുന്ന ഒരു തീവണ്ടിയുടെ കൂവല്‍ ....

Friday, December 17, 2010

രസങ്ങള്‍

മരിക്കാന്‍ വിഷമെടുത്തു വച്ചപ്പോള്‍,
എന്തൊക്കെയോ ഓര്‍മ്മ വന്നു!
സ്വാദറിയാത്ത വിഷത്തിന്‌ ഏത് രസമായിരിക്കും??
ഉപ്പു രസം മാത്രമുള്ള കഞ്ഞിയില്‍ പ്ളാവിലയുടെ കയ്പ്പ്,
എന്നെ നെഞ്ചോട് ചേര്‍ത്ത്, അമ്മ കരയുമ്പോള്‍,
എന്റെ ചുണ്ടില്‍ വീണ വെള്ളത്തിനും, ഉപ്പു രസമായിരുന്നു...
പ്രണയം തേനും പാലുമാണെന്ന് പറഞ്ഞിട്ടും,
എനിക്കു നുകരാനായത്, കയ്പ്പു രസം മാത്രമായിരുന്നു!!
അതു മാത്രമായിരുന്നു പരിചിതമായ രസങ്ങള്‍..
ജീവിതത്തിന്റെ കയ്പ്പും കണ്ണീരിന്റെ ഉപ്പും,
നല്ല കോമ്പിനേഷനാണെന്ന് സമ്മതിക്കുന്നു..
പക്ഷേ അതു കൂട്ടിയീ ജീവിതം തിന്നു തീര്‍ക്കന്‍ കഴിയുന്നുമില്ല....
എന്നിട്ടും മരിക്കാനൊരുങ്ങാഞ്ഞത്,
ഒരിക്കല്‍ ,..ഒരിക്കലെങ്കിലും, ആഗ്രഹങ്ങളുടെ നാവിന്,
എന്തെങ്കിലും വ്യത്യസ്തത നുണയാമെന്നു കരുതിയായിരുന്നു...
ഇനി കണ്ണീരിന്റെ സ്വാദ് മാറ്റിയാലും,
ഇതു തോരാന്‍ പോകുന്നില്ലെന്നിപ്പോള്‍ മനസ്സിലാക്കുന്നു...
വിഷത്തിന്റെ സ്വാദോര്‍ത്തു ഞാനെന്തിനു വിഷമിക്കണം...
മരിക്കുകയല്ലേ...
പക്ഷേ എന്നെ രക്ഷിക്കാന്‍ ശ്രമിക്കരുത്....
ആശുപത്രിയിലെ മരുന്നുകള്‍ക്ക്, കയ്പ്പു മാത്രമേ ഉള്ളൂ എന്നെനിക്കറിയാം...
ഒരു വേള, രസമില്ലാതൊരീ രസങ്ങളുടെ ലോകത്തിലേക്ക്,
ജീവന്‍ രക്ഷിച്ച്, ഇനിയും എന്നെ തള്ളി വിടാതിരുന്നു കൂടേ.....
ഇതൊക്കെ പറയുമ്പോഴും ഇപ്പോള്‍ വെറുതേ;
മനസ്സില്‍ നെയ്ത എല്ലാ സ്വപ്നങ്ങളും,
ചുരുട്ടിയെടുത്ത്,
ജീവിത്തതിന്റെ പുറമ്പോക്കില്‍ തള്ളുമ്പോള്‍...
എന്നോ കീറിയ ഹൃദയത്തിന്റെ ഉള്ളില്‍,
വീണ്ടും, പ്രതീക്ഷകളുടെ, തുന്നലുകള്‍ വീഴുന്നു,
വെറുതേ, ഓരോന്ന് ആഗ്രഹിച്ചു പോകുന്നു..
ഞാന്‍ നടന്നൊരീ വഴികളില്‍ ഇനിയും
വസന്തമൊരുങ്ങുമായിരിക്കാം...
ചവിട്ടുമ്പോള്‍ അമര്‍ന്നടങ്ങിയ കരിയിലകള്‍ക്കു പകരം
ചിരിക്കുന്ന പൂക്കള്‍ വിരിഞ്ഞേക്കാം...
എന്നെ കവിഞ്ഞൊഴുകിയ, കണ്ണുനീര്‍ത്തുള്ളികള്‍ക്കു പകരം,
പ്രത്യാശയുടെ പെരുമഴ പെയ്തേക്കാം...
അതിനെല്ലാം കാത്ത്, ഒരു ജന്‌മം കൂടി,
ഇങ്ങനെ ഒക്കെ തന്നെ,
വ്യത്യസ്തമായ രസങ്ങളില്ലാതെ,
മടുപ്പിന്റെ ഉപ്പു നീരും,
വെറുപ്പിന്റെ കയ്പ്പു നീരും,
തിരസ്കാരങ്ങളുടെ ചവര്‍പ്പും നുകര്‍ന്ന്,
ചിരിച്ചു കൊണ്ടീ വേദനകളെ തോല്‍പ്പിക്കാന്‍....
കാത്തിരിക്കാം.... അല്ലേ...??!!!

Thursday, July 22, 2010

ചിലപ്പോഴൊക്കെ....

കേട്ടിരുന്നു ദൂരെ നിന്നേ,
ഒരിരമ്പലായ്‌ മഴയാര്‍ത്തു വരുന്ന ശബ്ദം പോലെ...
നില്‍ക്കാതെ പെയ്യുകയായിരുന്നു, ഇന്നലെ;
മനവും, തനുവും നിറച്ച് ....
പക്ഷേ.. ഇപ്പോള്‍ പെയ്‌തു തീര്‍ന്നത്രേ...
അറിഞ്ഞില്ല ഒരു മാത്ര പോലും..
ഈ കുളിരലിയുന്ന ഓരോ നിമിഷത്തിലും,
നില്‍ക്കാനുള്ളതായിരുന്നെന്ന്‌..
പറഞ്ഞില്ല ആരും...
എന്നിട്ടും...
തൂവാതെ ഞാനെടുത്തു വച്ചയെന്റെ,
എല്ലാ സ്വപ്നങ്ങളും ഏറ്റെടുത്ത്
പെയ്‌ത് തീരുകയായിരുന്നു...

തീര്‍ന്നിട്ടില്ലയൊന്നും,
കേള്‍ക്കാം ഇപ്പോഴും കണ്ണടച്ചാല്‍
തുള്ളികള്‍ വീണുതിരുന്ന ശബ്ദം,
ഒരു ഞരക്കം,
ജീവന്റെ അവസാന ശ്വാസം പോലെ...

ഇരുളില്‍ തെളിയാത്ത രൂപങ്ങളില്‍
വെളിച്ചം മറച്ചതിരിടുമ്പോള്‍...
ചിലപ്പോള്‍ ചിതലരിക്കുന്നൊരവസാന പേജില്‍,
പ്രണയം മണക്കുന്ന തുരുമ്പിച്ചൊരക്ഷരങ്ങളില്‍
ഞാന്‍ കുടിയിരിക്കുന്നു നിന്നിലെന്നും ... ഓര്‍മ്മകളുടെ പിടിയില്‍ പിടഞ്ഞ്...
ആരോടും പറയാത്തൊരു കഥയായ്‌...

അവശേഷിപ്പിച്ചിട്ടുണ്ടെന്തൊക്കെയോ എന്നോര്‍ത്താവാം പോയത്.
പക്ഷേ നീ നാളെ വീണ്ടും ആര്‍ത്തു പെയ്യുമ്പോള്‍
അറിക....
ഏറ്റു വാങ്ങാന്‍ ഞാനിവിടെയില്ലെന്ന്‌...


Tuesday, March 09, 2010

നാം.... !!!

ചില സമരേഖകള്‍ അങ്ങിനെയാണ്‌
ഒരിക്കലും അടുക്കാതെ, എന്നും ഒരേ ദൂരം വിട്ട്‌..
ദൂരെ നിന്നും നോക്കുന്നവര്‍ക്ക് നാം ഒന്നായവരെന്നു തോന്നും..
ചിലര്‍ക്ക് പിരിഞ്ഞകന്നവരെന്നും
എങ്കിലും ഒരിക്കലും അടുക്കാതെയും, എന്നാല്‍ അകലാതെയും,
അവ നീണ്ടു കൊണ്ടേയിരിക്കും...
നീയും ഞാനും പോലെ..

Tuesday, December 08, 2009

മകരജ്യോതി

ഒരിക്കല്‍ മകരജ്യോതി കണ്ട് കണ്ണു നിറഞ്ഞു...
ഇപ്പോഴും കണ്ണു നിറയുന്നു...
എല്ലാം അറിഞ്ഞും ടിവിയിക്കു മുന്നില്‍ വരെ പൂജ നടത്തുന്നയെന്റെ നാട്ടുകാരെ ഓര്‍ത്ത്‌...
ഖജനാവു നിറക്കാന്‍ ചൂട്ടേന്തി പോകുന്ന സര്‍ക്കാരിനെ ഓര്‍ത്ത്..
എല്ലാം അറിഞ്ഞോ അറിയാതെയോ എവിടെയോ ഇരുന്നുറങ്ങുന്ന നിങ്ങളുടെ ഈശ്വരനെ ഓര്‍ത്ത്....!!!

Wednesday, October 07, 2009

മടങ്ങും മുമ്പേ...

നിലയ്ക്കാന്‍ പോകുന്ന ശ്വാസത്തെ ഒരു നിമിഷം
പിടിച്ചു നിര്‍ത്താന്‍ ശ്രമിയ്ക്കുകയാണു ഞാന്‍...
ഇനി എന്നും ഇങ്ങനെയാവുമല്ലോ....
ചങ്കില്‍ ചില ശബ്ദങ്ങള്‍ പുറത്തേക്കു വരാന്‍ തിടുക്കം കൂട്ടുന്നോ?
നെഞ്ചില്‍ നിന്നുംജീവന്‍ പറക്കാന്‍ കൊതിക്കയാണോ?...
പക്ഷേ ഹൃദയത്തില്‍ എന്തൊക്കെയോ ആഗ്രഹങ്ങള്‍,
വെറുതേ വീണ്ടും പൂക്കാന്‍ കൊതിക്കുന്നോ...?
അറിയില്ല...
ഈശ്വരാ(യുക്തിവാദിയായ ഞാനും !!!)....
എനിക്കൊരു ദിവസം കൂടി ജീവിക്കാന്‍ കഴിഞ്ഞെങ്കില്‍,
വാക്കുകളുടെ പ്രളയത്തില്‍ ഞാന്‍ പറയാന്‍ മറന്നതെല്ലാം,
ഒന്നു കൂടി ഓര്‍ത്തെടുക്കാമായിരുന്നു...
പാടിയ വരികളിലെ, തെറ്റുകള്‍ തിരുത്താമായിരുന്നു...
തെറ്റി വന്ന വഴികളിലെ, വഴികാട്ടികളില്‍ നോക്കാമായിരുന്നു...
ചവിട്ടി മെതിച്ച കരിയിലകള്‍ക്കിടയില്‍ വീണു പോയൊരെന്റെ
പ്രണയം വീണ്ടെടുക്കാമായിരുന്നു...
നനയാത്ത ഓരോ തുള്ളി മഴയിലും അലിഞ്ഞില്ലാതാവാമായിരുന്നു....
ഓര്‍മ്മകളുടെ പിടി വള്ളികളില്‍ മുറുകുന്ന,
ഹൃദയത്തെ തിരിച്ചെടുക്കാമായിരുന്നു!!

പക്ഷേ... ഇനിയും,
തിരിയുന്ന സമയത്തിന്റെ സൂചികള്‍ക്കിടയിലെവിടെയോ,
വീണു പോവാന്‍ വേച്ചു നടക്കുമ്പോള്‍
ഇനി എവിടെ എനിക്കു സമയം??
ഇടറിയ കാലുകളിലെ വേദന മാറും മുന്‍പേ,
വിങ്ങിയ ഹൃത്തിലെ മുറിപ്പാടുണങ്ങും മുന്‍പേ...
നീ തന്ന, ഓര്‍മ്മകളുടെ പൊന്നോണ സന്ധ്യകള്‍ മാത്രം മനസ്സില്‍ നിറച്ച്,
അടയുന്ന കണ്ണിലെ ഇരുളില്‍, മറ്റെല്ലാം അലിയിച്ച്,
തിരിച്ചു വിളിച്ചാലും മടങ്ങി വരാനാവാത്തത്രയും ദൂരേക്ക്....
പോകട്ടെ ഞാന്‍....

Thursday, August 27, 2009

നിളേ..

ഇതോ നീയെന്‍ നിളേ, അതോ നിന്റെ
നിഴലില്‍ ,നീ വേഷം ധരിച്ചു കിടപ്പതോ?
കഥയറിയാതെ ഞാനിന്നു നിന്‍ തീരത്ത്,
കളിവീട് വീണൊരു കുട്ടിയായ് നില്‍ക്കുമ്പോ
നിന്റെ മുറിപ്പാടിന്‍ വേദന ഇപ്പൊഴീ,
രാത്രിയെ പോലും വ്യഥയിലാഴ്ത്തീടുമ്പോള്‍..
ഇരുളിന്റെ ഗാഢത കൂട്ടിയീ രാത്രിയും,
നിന്റെ ദു:ഖത്തില്‍ പങ്കു ചേര്‍ന്നീടുന്നു…
ശര ഭൂഷിണിയായ് മരണത്തിന്‍ ശയ്യയില്‍,
കണ്ണീരു പോലും വരണ്ടു കിടക്കുമ്പോള്‍,
വിളറിയൊരാകാശം മേഘങ്ങളില്‍ വറ്റൂം
തണ്ണീര്‍ നിനക്കായി പെയ്യാന്‍ ശ്രമിക്കുന്നു.
ഇടി മുഴക്കത്തിന്റെ രൂപത്തിലുച്ചത്തില്‍,
അലറി കരയുന്നു മേഘങ്ങള്‍ പോലുമേ…
തീരത്തു നില്ക്കും മരങ്ങളില്‍ പൂക്കാലം
വര്‍ണങ്ങള്‍ പെയ്തതും, നിര്‍ജ്ജീവമാകുന്നു..
നിന്നീടുന്ന തേനിന്‍ കണങ്ങളായ്,
സസ്യ ജാലങ്ങള്‍ നിനക്കായ് കരയുമ്പോള്‍…
എങ്ങിനെ ഞാന്‍ നിന്നെ ആശ്വസിപ്പിച്ചിടും?
എങ്ങിനെ ഞാന്‍ നിന്റെ കണ്ണീര്‍ തുടച്ചിടും?
മൌനമായ് ഞാനുള്ളില്‍ പ്രാര്‍ത്ഥിച്ചിടുന്നു നിന്,
നിത്യ ശാന്തിക്കായ് മരണത്തിനും മുന്‍പെ..
ഒരു തുള്ളി വെള്ളം നിന്‍ നാവിലൊറ്റിച്ചിടാന്‍,
എവിടുന്നു ഞാനെന്റെ കൈകള്‍ നനച്ചിടും?
കാണുവാന്‍ പൊലും കിടക്കാത്ത കറുകയാല്‍,
നിനക്കായി എങ്ങിനെ ബലിച്ചോറു നല്കീടും?
മുക്തിക്കു വേണ്ടി ഞാന്‍ നിന്റെ ചിതഭസ്മം
മറ്റേതു നിളയില്‍ നിമഞ്ജനം ചെയ്തിടും?
ഇന്നു നിന്നുള്ളിലവശേഷിക്കുമിത്തിരി വെള്ളം
നിന്‍ കണ്ണീരോ, ഒഴുകുന്ന രക്തമോ?
മാറു പിളര്‍ന്നൊരീ നിന്റെ പുത്രന്മാര്‍ തന്നെ,
ചെയ്യുന്ന പേക്കൂത്തിന്‍ ദൃഷ്ടാന്ത ചിത്രമോ?
നീ ഒഴുകാറുള്ള പാതകള്‍ കോണ്‍ക്രീറ്റിന്‍,
ഭെദ്യമല്ലാതുള്ള വിപിനമായ് മാറുമ്പോള്‍?
നാളെയീ വാനം നിനക്കായിയെത്രയും
പേമാരി പെയ്യിച്ചു നില്ക്കുവില്‍ കൂടിയും..
നിന്റെ അകലമാം ചരമം കുറിച്ചൊരീ മാനവര്‍
നിന്നെ തടഞ്ഞു നിര്‍ത്തീടുകില്‍.. തീരം തഴുകുന്ന
കുഞ്ഞോളമായി നീ എങ്ങിനെ വീണ്ടും ഒഴുകി നടന്നിടും?
അറിയാമെനിക്കു നീ ഉള്ളിലുറപ്പിച്ചാല്‍,
തടയുന്ന ശക്തികള്‍ കുത്തിയൊലിച്ചിടും..
എന്നിട്ടുമെന്തെ നീ സംഹാര രൂപിയായ്,
നിന്റെയതിരുകള്‍ വീണ്ടെടുക്കാത്തതും?
ഒഴുകു നീ എല്ലാം മറന്നൊന്നു കൂടി..
ഒഴുകു നീ ഉള്ളം നിറഞ്ഞൊന്നു കൂടി..
വഴി മുടക്കീടുന്നതെല്ലാം കടലിന്റെ
വഴിയെ പായിച്ചിട്ടു ഒഴുകു നീ വീണ്ടുമേ…

Thursday, July 30, 2009

അന്നത്തെ മഴക്കാലം.... !!

"ഇതൊരു കഥയല്ല, ഒരോര്‍മ്മക്കുറിപ്പു മാത്രമാണ് .... ആലങ്കാരിക ഭംഗിയോ, എഴുത്തിന്റെ ഒഴുക്കോ ഒന്നും എടുത്തു പറയാനില്ലെങ്കിലും ഇതെന്റെ ജീവിതമായി വളരെ അടുത്തു കിടക്കുന്നതു കൊണ്ട്, എനിക്കെന്തോ പോസ്‌റ്റ് ചെയ്യാതിരിക്കാന്‍ കഴിഞ്ഞില്ല...."

അന്നത്തെ രാത്രികള്‍ക്ക് തണുപ്പ് കൂടുതലുണ്ടായിരുന്ന പോലെ തോന്നുന്നു... ഇടക്കിടെ, അല്ല എല്ലായ്പ്പോഴും തണുത്ത കാറ്റ് അടിച്ചു കൊണ്ടേയിരിക്കും.... സമയം എട്ട് കഴിഞ്ഞിട്ടേ ഉണ്ടാവൂ. എങ്കിലും ഒരു പാട് രാത്രി ആയ പോലെ... അകലെയായി മഴയുടെ ഇരമ്പലുകള്‍ കേള്‍ക്കുന്നുണ്ടാവും...


അത് ഒരു മഴക്കാലമായിരുന്നു!! എല്ലാ മഴക്കാലങ്ങളേയും പോലെ, വളരെ മനോഹരമായ ഒരു കാലം... പക്ഷേ ഇന്നു ചിന്തിക്കുമ്പോള്‍ അതൊരു തരം ഗൃഹാതുരതയായി അനുഭവപ്പെടുന്നു... പക്ഷേ ഏതു നിമിഷവും ഇരച്ചു വരാവുന്ന മലവെള്ളം സ്വപ്നവും കണ്ട് ഉറക്കമില്ലാതെ കിടക്കുമ്പോള്‍, പേടിയും തോന്നാറുണ്ടായിരുന്നു.... രാത്രികളായിരുന്നു കൂടുതല്‍ ഭയമുണര്‍ത്താറ്.... മഴ തോരാതെ പെയ്യുമ്പോള്‍ മുത്തശ്ശി എല്ലാ ദൈവങ്ങളേയും വിളിച്ചു പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു.... കൊടിക്കുന്നത്ത് അമ്മക്ക് വഴിപാടുകള്‍ നേരുന്നതിന്റെ ഒപ്പം 1924 ലെയും 1942 ലെയും വെള്ളപ്പൊക്കങ്ങളുടെ കത്തകള്‍ പറഞ്ഞു കൊണ്ടേയിരുന്നു... എനിക്ക് ഇടക്കിടെ ശ്രദ്ധ പോണുണ്ടായിരുന്നു... കേട്ടതാണെങ്കിലും വീണ്ടും വീണ്ടും കേള്‍ക്കാന്‍ ഇഷ്ടമാണീ കഥകള്‍.... പക്ഷേ കുറച്ചകലെയായി ഇരമ്പുന്ന നിളയുടെ ശബ്ദം കേള്‍ക്കാം... കടലിടികള്‍ കേള്‍ക്കാം(അച്ഛന്‍ പറയാറുള്ളതാണ്‌... കടലില്‍ ഇടി വെട്ടുമോ ആവൊ!! അതും പൊന്നാനിയില്‍ നിന്നും ഈ പള്ളിപ്പുറം വരെ അതിന്റെ ശബ്ദം എത്തുമോ??) 1924(/1942) ലെ വെള്ളപ്പൊക്കം എന്നു കേട്ടാല്‍ എം. ടി യെ ഓര്‍മ്മ വരും.... നാലുകെട്ടില്‍ അതു വായിച്ചപ്പോള്‍, അച്ചമ്മയുടേ അതേ വേര്‍ഷനില്‍ കേള്‍ക്കുന്ന പോലെ....

എനിക്ക് ഈ പേമാരിയെ ഭയക്കേണ്ട ആവശ്യമൊന്നും ഇല്ല... നിളയും തൂതയും നിറഞ്ഞു കവിഞ്ഞാലും ഞങളുടെ അവിടെക്ക് വേള്ളം കയറില്ല... അത്ര ഭയങ്കരമായ മഴ പെയ്യേണ്ടി വരും.... എന്നിട്ടും പള്ളിപ്പുറം പാടത്ത് വെള്ളം കയറാന്‍ വെറുതെ ആഗ്രഹിച്ചു... അപ്പൊ തൃത്താലയില്‍ നിന്നും തോണി വരും.... വെറുതെ തോണിയില്‍ കയറാന്‍ മാത്രമായി വെണമെങ്കില്‍ റെയില്‍വേ സ്റ്റേഷന്‍ വരെ പോവുകയും ചെയ്യാം.... തോണിയില്‍ ഇരിക്കാന്‍ ശരിക്കും പേടിയാണ്.. പ്രത്യേകിച്ച് കയറുമ്പോഴും ഇറങ്ങുമ്പോഴും.... 5 മിനിറ്റേ യാത്ര ഉള്ളൂ എങ്കിലും എതാണ്ട് പാടത്തിന്റെ നടുവില്‍ എത്തുമ്പോള്‍ നല്ല പേടി വരും... മഴയും കാറ്റും വരാതിരിക്കാന്‍ പ്രാര്‍ത്ഥിക്കും....പുഴ വെള്ളത്തില്‍ പാമ്പ്‌ വരും.. കാട്ടില്‍ നിന്നും ഒക്കെ... തോണിയില്‍ നിന്നും ഇറങ്ങുമ്പോള്‍ നീര്‍ക്കോലിയെ കണ്ടാലും തവളകുട്ടികളെ കണ്ടാലും ഒന്നും തിരിച്ചറിയില്ല.... പേടി കൊണ്ടാവും....

പുഴവെള്ളം വരുമ്പോള്‍ വേറെ ഒരു കാഴ്ചയുള്ളത്, വാഴപ്പിണ്ടി കൊണ്ട് ചങ്ങാടം ഉണ്ടാക്കലാണ്‌... ഏട്ടന്‍മാര്‍ അതില്‍ കയറാന്‍ വിളിക്കാറുണ്ട്‌.. പക്ഷേ, അന്ന് നീന്താന്‍ അറിയില്ലായിരുന്നു... എങ്ങാനും കയറു പൊട്ടി വീണാല്‍, ഇവര്‍ക്ക് പിടിക്കാനായില്ലേല്‍, പിന്നെ അറബികടലിലെത്തും...(ധൈര്യമില്ലായിരുന്നു എന്നു പറയുന്നില്ല തല്‍ക്കാലം..) അതു കൊണ്ട്‌ ഇതു വരെ അതില്‍ കയറിയിട്ടില്ല... ഒരു നഷ്ടബോധമായി അത് ഇപ്പോഴും മനസ്സില്‍ കിടക്കുന്നുമുണ്ട്‌...

സ്കൂളോര്‍മ്മകള്‍ കുറച്ചു കൂടി രസമാണ്‌..... ചില മഴക്കാല രാവിലെകള്‍ മനസ്സില്‍ പെയ്യാറുള്ളത്‌ മടി കൂടിയാണ്‌ !! എണീക്കാന്‍ മടി, കുളിക്കാന്‍ മടി, സ്കൂളില്‍ പോവാന്‍ മടി... എന്നാലും പോവുമ്പോള്‍ എവിടെയൊക്കെ വെള്ളം കെട്ടി നില്‍ക്കുന്നുണ്ടോ അവിടെയൊക്കെ കാലു കഴുകുമായിരുന്നു.. ചുമ്മാ ഒരു രസത്തിന്‌.... വെള്ളം ഒഴുകുന്ന എല്ലാ ചാലുകളും, കുളങ്ങളും പോയി നോക്കുമായിരുന്നു.... എന്നിട്ടും 10 മിനിറ്റ് കൊണ്ട് എത്താവുന്ന ദൂരം 30 മിനിറ്റ് കൊണ്ട് എത്തുമായിരുന്നു... സ്കൂളില്‍ എത്തിയാല്‍ കുടകളുടെ ബഹളമാണ്‌ ! ഇന്നത്തെ കുട്ടികളേ പോലെ, അന്ന്‌ എല്ലാ വര്‍ഷവും കുടയൊന്നും വാങ്ങില്ല... നല്ല പുതിയ കുടകള്‍ കാണുമ്പോള്‍ ചിലപ്പോള്‍ അസൂയ തോന്നും ...ഈ കുടയിലൊക്കെ എന്തു കാര്യം എന്ന മട്ടില്‍ പിന്നെ അതൊന്നും മൈന്‍ഡ് ചെയ്യാത്ത പോലെ ഇരിക്കും ...മഴ പെയ്യാന്‍ പോവുകയാണെങ്കില്‍ സ്‌കൂള്‍ നേരത്തെ വിടും... പിന്നെ ഒരു ഓട്ടമാണ്‌! വേഗം വീട്ടില്‍ എത്താന്‍... വീടിനു പുറത്ത് അച്ചമ്മ കാത്തു നില്‍ക്കുന്നുണ്ടാവും ഞങ്ങള്‍ വരുന്ന വരെ മഴയോട്‌ മാറി നില്‍ക്കാന്‍ പറഞ്ഞ്....

ഇന്നത്തെ മഴ!! ഇല്ല... ഇന്നത്തെ മഴയ്ക്കത്ര ഭംഗി ഇല്ല... അല്ലെങ്കില്‍ മനസ്സും കാലം വളര്‍ന്നപ്പോള്‍ മഴയെ ആസ്വദിക്കുന്ന രീതി മാറിയാതിനാലാവാം.... ഇന്നും നാട്ടില്‍ പോവുമ്പോള്‍, മഴയത്ത് കുടയില്ലാതെ ഓടുന്ന, മഴവെള്ളം ചവിട്ടി തെറുപ്പിച്ച് നടക്കുന്ന കുട്ടികളേ കാണുമ്പോള്‍ ശരിക്കും അസൂയ തോന്നും..ഇനി ഞാന്‍ അതു പോലെയൊക്കെ ചെയ്താല്‍ എനിക്ക് വട്ടാണെന്നു പറയില്ലെ... എന്നലും ശ്രമിക്കാറുണ്ട് കേട്ടോ... നമ്മുടെ സ്വകാര്യമായ സന്തോഷങ്ങള്‍ എന്തിന്‌ വേണ്ട എന്നു വെക്കണം ????!!

ഇത്തവണ ഞങ്ങടെ പാടത്ത് വെള്ളം കയറി... തോണി വന്നു... നിള കര കവിഞ്ഞൊഴുകി, തന്റെ അതിര്‍ വരമ്പുകള്‍ പുതുക്കി.... സ്കൂളുകള്‍ക്ക് ഒഴിവു പറഞ്ഞു....

ഞാന്‍ വളരെ ദൂരെയാണ്‌ !!! വളരെ വളരെ... ഇനി എത്തുമ്പോഴേക്കും എല്ലാം കഴിഞ്ഞിട്ടുണ്ടാവും..... മഴ അടങ്ങിയിട്ടുണ്ടാവും.... കടലിടികള്‍ മുഴങ്ങുന്നുണ്ടാവില്ല....

എന്നാലും എനിക്കു കാണാനാവും... അങ്ങ് ദൂരെ, മഴമേഘങ്ങള്‍ മണ്ണിലേക്കിറങ്ങുന്ന ഒരു പ്രഭാതത്തില്‍, മിക്കിയും മിന്നിയും നിറഞ്ഞു നില്‍ക്കുന്ന ഒരു പുള്ളിക്കുടയ്ക്കു കീഴെ, കയ്യിലെ കടലാസു തോണികള്‍ മുറുകെ പിടിച്ച്, മഴ വരുന്നതും കാത്തിരിക്കുന്ന ഒരു പെണ്‍കുട്ടിയെ.... !!!

Wednesday, July 22, 2009

ചുവപ്പ്‌



എന്റെ കൊടിയുടെ നിറം ചുവപ്പായിരുന്നു
എന്റെ ചോരയുടെയും..
ഞാന്‍ പിച്ച വച്ചു നടക്കുന്ന കാലത്തെ
ജാഥയില്‍ ഒരു പിന്നാളായ് നിന്നു
അര്‍ത്ഥമറിയാതെ ഞാനെന്തൊക്കെയൊ ഏറ്റു ചൊല്ലി
ആരൊക്കെയൊ വേദിയില്‍ പ്രസംഗിക്കുമ്പോള്‍
ഞാനെന്റെ കൊടിയില്‍ മുഖം തുടച്ചു…
വിപ്ലവം,ബൂര്‍ഷ്വ, സമത്വം
എനിക്കൊന്നും മനസ്സിലായില്ല
മനുഷ്യ ചങ്ങലകളില്‍ പൊട്ടാതൊരു കണ്ണിയായ് നിന്നു
ഒരു പാടു നടന്നപ്പോള്‍ ആരോ എനിക്കു വെള്ളം തന്നു
അതിന്റെ നിറം ഞാന്‍ നോക്കിയില്ല
കാലൊന്നു വേച്ചപ്പോള്‍ കൈ തന്ന ആരോ പറഞ്ഞു
“ഇന്‍ക്വിലാബ് സിന്ദാബാദ്”.
പിന്നെ ഞാന്‍ വളര്‍ന്നപ്പോള്‍
ഈ ചുവപ്പു എന്റെ ഹൃത്തില്‍ പടര്‍ന്നു
ഞാന്‍ എന്തൊക്കെയൊ വായിച്ചു…
എന്തൊക്കെയൊ മനസ്സിലാക്കി,
ഈ കൊടിയുടെ ചുവപ്പു എന്റെ ആവേശമായി..
ഞാന്‍ പാര്‍ട്ടിക്കാരിയായി..
ഒരു വലിയ പാര്‍ട്ടിയുടെ, ഒരു ചെറിയ അണി…
സമൂഹം കാണാത്തവരുമായ് ഞാന്‍ ഇടപെട്ടു..
മേധാവിത്തങ്ങള്‍ക്കെതിരെ ഞങ്ങള്‍ പോരാടി..
വയലാറും കയ്യൂരും ഉണ്ടായി…

ഇടക്കിടെ വരുന്ന ഇലക്ഷനില്‍ മാത്രമായ്
എത്തുന്നവരോടു എനിക്കു പുച്ഛമായിരുന്നു
കാരണം ഈ ചുവപ്പു എന്റെ പ്രിയപ്പെട്ടതാണ്
ഒരു വേനല്‍ കാലത്തു ഞാനും മത്സരിച്ചു
ചൂടു മറന്നു ഞാന്‍ വോട്ടു ചോദിച്ചു
ഞാന്‍ ജയിച്ചപ്പോള്‍, എനിക്കെന്തൊ മടുത്തു
ഈ ചുവപ്പിനെ പലരും അപമാനിക്കുന്നു
ഇതു കാണാന്‍ എനിക്കെങ്ങിനെ കഴിയും?
നിറം നോക്കി വോട്ടു ചെയ്തവര്‍
നിറം മാത്രം നോക്കി
മനുഷ്യനെ നോക്കി വോട്ടു ചോദിച്ച ഞാന്‍,
ഞാന്‍, തനിച്ചായി..
അവഗണിക്കപ്പെടുന്നവര്‍ക്കായ് ഞാന്‍ പട വെട്ടി
ഒടുവില്‍ എന്റെ ഹൃത്തില്‍ നിന്നും ചുവപ്പു
പുറത്തേക്കൊഴുകി, ചോരയായി
പക്ഷെ എന്റെ ആത്മാവിനു നിറം പകരാന്‍
ഒരു ചുവന്ന കൊടി എന്റെ മുഖത്തു പാറി വീണു..
ജീവനറ്റ എന്റെ മുഖത്തു…
ഒരോ വര്‍ഷവും ആരൊക്കെയൊ എന്റെ ബലികുടീരത്തില്‍
പൂക്കള്‍ അര്‍പ്പിച്ചു..ചുവന്ന പൂക്കള്‍…
ഒടുവില്‍ ഞാന്‍ ചുവപ്പു മാത്രമായ്…
രക്തസാക്ഷിയെന്ന ഒരു പദം മാത്രമായി…

Tuesday, July 14, 2009

സീത

ഇനിയുമെങ്ങിനെ കഴിയുമീ രാമന്
മാപ്പ് നല്കുവാന്‍ നിനക്കു മൈഥിലീ
ഉത്തമനാണു നിന്‍ രാമനെന്നു ജനം
വിധിച്ചിടുന്നു, യുഗത്തിലും..
പുഷ്പവീഥികള്‍ മാത്രം കണ്ട നീ
വിപിന പാതയില്‍ കാലിടറിയോ?
പരീക്ഷിച്ചവന്‍ നിന്റെ പാതിവ്രത്യവും
സംശയിച്ചില്ലെ ഒന്നിലേറെയും
തുടിച്ചിടുന്ന രണ്ടു ജീവനും പേറി
കയറി അന്നൊരു കാട്ടിലേക്കു നീ..
ഒരിക്കല്‍ പോലും നീ പരിഭവിച്ചില്ല?..
തിരിച്ചു ചോദ്യങ്ങള്‍ ചോദിച്ചുമില്ല..
പത്തു പേര്‍ ചൊല്ലില്‍, ഉപേക്ഷിക്കുവാനായോ?
മറുത്തു നീ എന്തേ ഒന്നും പറഞ്ഞില്ല?
സ്‌നേഹം ആഗ്രഹിച്ചീടുന്ന നേരത്ത്,
രാമന്‍ നിന്നെ തനിച്ചു വിട്ടതും..
ഇനിയുമെങ്ങിനെ കഴിയുമീ രാമന്
മാപ്പ് നല്കുവാന്‍ നിനക്കു മൈഥിലീ…?
എന്തു ഞങ്ങളീ പുതിയ തലമുറ
പഠിക്കണം നിന്റെ ജീവിതത്തില്‍ നിന്നും
ജീവിതം വെറും സഹനം മാത്രമോ?
നിഴലു മാത്രമോ ഭാര്യയെന്നവള്‍?
അവള്‍ക്കു ചോദ്യങ്ങള്‍ ഒന്നുമേ ഇല്ലെ?
അവന്റെ ലോകമോ അവള്‍ക്കു പിന്നീട്..
ആഗ്രഹങ്ങളും തന്റെ ലോകവും
മറന്നു വേണമോ ഭാര്യയായിടാന്‍
പറഞ്ഞു നല്കണം നിങ്ങള്‍ പൂര്‍വ്വികര്‍
മാതൃകജനമെന്നു ഞങ്ങള്‍ കേട്ടവര്‍..

Wednesday, July 08, 2009

നീ മഴയായൊന്നു പെയ്യാമോ???

നീ മഴയായൊന്നു പെയ്യാമോ???
എനിക്കൊന്നു നനയണം….
എന്റെ കണ്ണീര്‍ ഈ മഴതുള്ളികളില്‍ കുതിരാനായ്‌
തിളക്കുന്ന ചില മോഹങ്ങള്‍ അണക്കാനായി,
നീ എന്ന പ്രണയം ഉള്‍ക്കൊള്ളാനായി…
ഒന്നു പെയ്യാമോ…?
കാത്തു നിന്നിട്ടും വരാത്ത നീ, എവിടെയോ
മുകില്‍ കാണിച്ചു കൊതിപ്പിക്കുന്നു..
നീ വരുമെന്നു പറയുന്നതു പോലും,
മഴക്കു മുന്‍പിലെ കുളിര്‍ക്കാറ്റു പോലെ..
നീ എന്നെ കൈവിരലുകളാല്‍ മീട്ടുമ്പോള്‍,
തരളിതമായ പുഴയിലേക്കു നീളുന്ന മഴവിരലുകള്‍ പോലെ..
മഴയില്‍ കുതിരുന്ന മണ്ണിന്‍ നിന്റെ മണമാണോ??!!
ഹൃദയത്തിലെവിടേക്കോ ഇറങ്ങി, ചൂടു പിടിപ്പിക്കുന്ന ഗന്ധം!
ഈ മഴയിലായിരുന്നു നിന്റെ കുസൃതിക്കണ്ണുകള്‍ ഞാനാദ്യമായ് കണ്ടത്..
ആദ്യമായി എന്റെ കൈ പിടിച്ചപ്പോള്‍ ചിരിച്ചു വീണുടഞ്ഞ,
വളപ്പൊട്ടുകള്‍ മഴവെള്ളത്തില്‍ വര്‍ണ്ണങ്ങള്‍ ചാലിച്ചപ്പോള്‍,
മഴ പറഞ്ഞത്,
പ്രണയത്തിന്‍ ആയിരം വര്‍ണ്ണങ്ങളുണ്ടെന്നായിരുന്നോ?
മഴയുടെ രുചി പക്ഷേ ചിലപ്പൊഴൊക്കെ എന്റെ കണ്ണീരിന്റേതാണു,
തീര്‍ന്നു പോയ ഉപ്പിന്റെ എന്തോ ഒരു രസം പോലെ…
പക്ഷേ പ്രണയത്തിന്റെ ചാറ്റല്‍ മഴ നുണയാത്ത ഞാന്‍
കാത്തിരിക്കുന്നത്,
നീ എന്ന പേമാരിയില്‍ അലിഞ്ഞു തീരാനാണ്!!
നീ മഴയായി പെയ്യുന്നതും കാത്ത്….
വിരസമായ ഈ മഴ നനഞ്ഞ്….

Thursday, June 25, 2009

ഇങ്ങനേയും ഒരമ്മ !

രക്തം ഒഴുകുന്ന വഴിയൊരു ഭൂതകാലം ഓര്‍മ്മിപ്പിച്ചു…
ഇതു പോലെ, ചുവന്ന വാകയിതളുകള്‍ വീണ ഒരു വഴിയില്‍,
തുടിക്കുന്ന ഹൃദയവുമായി, ഒരാളുടെ കൈ പിടിച്ച്,
ആ വഴിയില്‍ കണ്ടതെല്ലാം മനോഹരമായിരുന്നു…
എവിടെയോ വച്ച് പക്ഷേ,
കണ്ണിലൂടൊഴുകിയതും രക്തമായിരുന്നോ….
വഴിയറിയാതെ, അതു വീണിടത്തെല്ലാം പൂത്തത്, വാകയും…
ഒരു കുഞ്ഞു തുടിപ്പു പേറിയിട്ടും…
പലരും ഭാവിയെ കുറിച്ചോര്‍മ്മിപ്പിച്ചു….
അറുത്തു കളയാന്‍ ഒരു പൂമൊട്ട്…
അന്നു മുറിഞ്ഞൊഴുകിയ രക്തത്തിലൂടെ, അവന്‍
ശ്വസിക്കാതെ കടന്നു പോയി..
ഇപ്പോഴും സ്വപ്നങ്ങളില്‍ ഒരു ചിരി കേള്‍ക്കാം
ഒരു വിളി കേള്‍ക്കാം…
കുറെ ചോദ്യങ്ങള്‍ കേള്‍ക്കാം…
എന്റെ പ്രണയം ഈ വഴിയേ തിരിച്ചു വന്നിട്ടും….
എനിക്ക് നഷ്ടമായ, എന്റെ ജീവന്റെ ആ തുടിപ്പ്…
ഇപ്പോഴും എന്നെ തൊടുന്നതറിയാം
അപ്പോള്‍ ഹൃദയത്തിലേക്കും ഒരു നനവു പടരുന്നു….
മാറു നിറയുന്നു…
എനിക്ക്, നഷ്ടമായൊരെന്റെ മാതൃത്വം…
അത്, എന്തിലും വലുതായതും…
കണ്ണീരും മുലപ്പാലും കൊണ്ടലിഞ്ഞു തീരാറായൊരമ്മ,
ഇവിടെ അവനെ ഓര്‍ത്ത് കരയുന്നുണ്ടെന്നവന്‍ അറിയുന്നുണ്ടോ?
കൈ ഞരമ്പുകളിലൂടെ ഇറ്റിറ്റു വീഴുന്ന രക്തം…
എന്റെ കുഞ്ഞിന്റെ രക്തത്തിനു പകരമാവുമോ??…
മരിച്ചാലും അവിടെ എത്തിയാല്‍,
അവനെ ഞാന്‍ എങ്ങിനെ നോക്കും…
അവന്‍ ശപിച്ചില്ലെങ്കിലുംഒരു നൂറു ജന്‍മത്തിലേക്ക്,
അമ്മയാവാന്‍ ഇനി എനിക്കു കഴിയോ??
മുഖം തെളിയും മുന്‍പ്‌, ഹൃദയം മിടിക്കും മുന്‍പ്‌
അവനെ ഞാന്‍…….
ഒഴുകുന്ന ഈ രക്തതിലൂടെ, എന്റെ ജീവന്‍ ഒലിച്ചു പോവുകയാണ്…
മുക്തി കിട്ടാതെ, ഞാനിവിടെ അലയുമ്പോളും…
ഉള്ളില്‍ ഞാന്‍ കാണാത്തൊരെന്റെ കുഞ്ഞ്….
അവന്‍ എന്നെ സ്‌നേഹിച്ച് ശ്വസം മുട്ടിക്കുന്ന പോലെ…
അതില്‍ ഞാന്‍ ഞെരിഞ്ഞമര്‍ന്ന്,
പതിയേ…പതിയേ…. എവിടേക്കോ… യാത്രയാവുന്നു…

അച്ഛന്‍

കീറിയ പുസ്തകം കാണിച്ച് കൊടുത്തപ്പോള്‍,
ഒരിക്കല്‍ അച്ഛന്‍ പറഞ്ഞു,
അത്ര ഭാഗം പഠിക്കാതെ കഴിഞ്ഞില്ലേ….
എനിക്കൊന്നും മനസ്സിലായില്ല..
വഴിയിലെ ബലൂണുകള്‍ നോക്കി നടന്നപ്പോള്‍,
അച്ഛന്‍ വാങ്ങിച്ചു തന്നതിന്, വലുപ്പമില്ലെന്നു തോന്നി
പത്താംക്ലാസ്സിലെ നല്ല മാര്‍ക്ക് കണ്ടിട്ടും അച്ഛന്‍ പറഞ്ഞു,
ഒന്നു കൂടെ നന്നായി പഠിച്ചിരുന്നെങ്കില്‍….
എപ്പോഴും അച്ഛന്‍ ചായ മാത്രമേ പുറത്തു നിന്നും കുടിച്ചുള്ളൂ..
എന്നിട്ടും അച്ഛനെ എനിക്ക് മനസ്സിലായില്ല
വെറുതേ ഞാന്‍ചോക്‌ളേറ്റുകള്‍ വാങ്ങി കഴിക്കുമ്പോഴും,
വീട്ടില്‍ അച്ഛന്‍ ചില ദിവസങ്ങളില്‍
മരുന്നു കഴിക്കാത്തതെന്താണെന്ന്,
ഞാനെന്തേ മനസ്സിലാക്കാത്തത്‌??
ഞാന്‍ നേരെയാവാന്‍ എന്നെ അടിച്ചതിന്റെ
ഓര്‍മ്മപ്പെടുത്തലുകള്‍ നോക്കിയിരിക്കുമ്പോള്‍,
അച്ഛന്റെ മകള്‍ നേരെയായില്ലെന്നും,
എവിടേയും എത്തിയില്ലെന്ന്‌ പറയുമ്പോഴും..
അച്ഛന്റെ സ്വപ്നങ്ങളെ ഞാന്‍ എങ്ങോട്ടോ,
തള്ളിയിടുകയാണോ??
അച്ഛന്റെ ചില സ്വഭാവങ്ങള്‍ ഇഷ്ടമല്ലെന്ന്
പറയുമ്പോഴും..
എല്ലവരുടെയും കാണാമറയത്ത്, ഇരിക്കുമ്പോഴും
അച്ഛനെ മാത്രേ കാണാന്‍ തോന്നുന്നുള്ളൂ…
അച്ഛന്‍ എന്നെ മനസ്സിലാ
ക്കുന്നുണ്ടോ എന്തോ ??!!