Friday, December 17, 2010

രസങ്ങള്‍

മരിക്കാന്‍ വിഷമെടുത്തു വച്ചപ്പോള്‍,
എന്തൊക്കെയോ ഓര്‍മ്മ വന്നു!
സ്വാദറിയാത്ത വിഷത്തിന്‌ ഏത് രസമായിരിക്കും??
ഉപ്പു രസം മാത്രമുള്ള കഞ്ഞിയില്‍ പ്ളാവിലയുടെ കയ്പ്പ്,
എന്നെ നെഞ്ചോട് ചേര്‍ത്ത്, അമ്മ കരയുമ്പോള്‍,
എന്റെ ചുണ്ടില്‍ വീണ വെള്ളത്തിനും, ഉപ്പു രസമായിരുന്നു...
പ്രണയം തേനും പാലുമാണെന്ന് പറഞ്ഞിട്ടും,
എനിക്കു നുകരാനായത്, കയ്പ്പു രസം മാത്രമായിരുന്നു!!
അതു മാത്രമായിരുന്നു പരിചിതമായ രസങ്ങള്‍..
ജീവിതത്തിന്റെ കയ്പ്പും കണ്ണീരിന്റെ ഉപ്പും,
നല്ല കോമ്പിനേഷനാണെന്ന് സമ്മതിക്കുന്നു..
പക്ഷേ അതു കൂട്ടിയീ ജീവിതം തിന്നു തീര്‍ക്കന്‍ കഴിയുന്നുമില്ല....
എന്നിട്ടും മരിക്കാനൊരുങ്ങാഞ്ഞത്,
ഒരിക്കല്‍ ,..ഒരിക്കലെങ്കിലും, ആഗ്രഹങ്ങളുടെ നാവിന്,
എന്തെങ്കിലും വ്യത്യസ്തത നുണയാമെന്നു കരുതിയായിരുന്നു...
ഇനി കണ്ണീരിന്റെ സ്വാദ് മാറ്റിയാലും,
ഇതു തോരാന്‍ പോകുന്നില്ലെന്നിപ്പോള്‍ മനസ്സിലാക്കുന്നു...
വിഷത്തിന്റെ സ്വാദോര്‍ത്തു ഞാനെന്തിനു വിഷമിക്കണം...
മരിക്കുകയല്ലേ...
പക്ഷേ എന്നെ രക്ഷിക്കാന്‍ ശ്രമിക്കരുത്....
ആശുപത്രിയിലെ മരുന്നുകള്‍ക്ക്, കയ്പ്പു മാത്രമേ ഉള്ളൂ എന്നെനിക്കറിയാം...
ഒരു വേള, രസമില്ലാതൊരീ രസങ്ങളുടെ ലോകത്തിലേക്ക്,
ജീവന്‍ രക്ഷിച്ച്, ഇനിയും എന്നെ തള്ളി വിടാതിരുന്നു കൂടേ.....
ഇതൊക്കെ പറയുമ്പോഴും ഇപ്പോള്‍ വെറുതേ;
മനസ്സില്‍ നെയ്ത എല്ലാ സ്വപ്നങ്ങളും,
ചുരുട്ടിയെടുത്ത്,
ജീവിത്തതിന്റെ പുറമ്പോക്കില്‍ തള്ളുമ്പോള്‍...
എന്നോ കീറിയ ഹൃദയത്തിന്റെ ഉള്ളില്‍,
വീണ്ടും, പ്രതീക്ഷകളുടെ, തുന്നലുകള്‍ വീഴുന്നു,
വെറുതേ, ഓരോന്ന് ആഗ്രഹിച്ചു പോകുന്നു..
ഞാന്‍ നടന്നൊരീ വഴികളില്‍ ഇനിയും
വസന്തമൊരുങ്ങുമായിരിക്കാം...
ചവിട്ടുമ്പോള്‍ അമര്‍ന്നടങ്ങിയ കരിയിലകള്‍ക്കു പകരം
ചിരിക്കുന്ന പൂക്കള്‍ വിരിഞ്ഞേക്കാം...
എന്നെ കവിഞ്ഞൊഴുകിയ, കണ്ണുനീര്‍ത്തുള്ളികള്‍ക്കു പകരം,
പ്രത്യാശയുടെ പെരുമഴ പെയ്തേക്കാം...
അതിനെല്ലാം കാത്ത്, ഒരു ജന്‌മം കൂടി,
ഇങ്ങനെ ഒക്കെ തന്നെ,
വ്യത്യസ്തമായ രസങ്ങളില്ലാതെ,
മടുപ്പിന്റെ ഉപ്പു നീരും,
വെറുപ്പിന്റെ കയ്പ്പു നീരും,
തിരസ്കാരങ്ങളുടെ ചവര്‍പ്പും നുകര്‍ന്ന്,
ചിരിച്ചു കൊണ്ടീ വേദനകളെ തോല്‍പ്പിക്കാന്‍....
കാത്തിരിക്കാം.... അല്ലേ...??!!!

Thursday, July 22, 2010

ചിലപ്പോഴൊക്കെ....

കേട്ടിരുന്നു ദൂരെ നിന്നേ,
ഒരിരമ്പലായ്‌ മഴയാര്‍ത്തു വരുന്ന ശബ്ദം പോലെ...
നില്‍ക്കാതെ പെയ്യുകയായിരുന്നു, ഇന്നലെ;
മനവും, തനുവും നിറച്ച് ....
പക്ഷേ.. ഇപ്പോള്‍ പെയ്‌തു തീര്‍ന്നത്രേ...
അറിഞ്ഞില്ല ഒരു മാത്ര പോലും..
ഈ കുളിരലിയുന്ന ഓരോ നിമിഷത്തിലും,
നില്‍ക്കാനുള്ളതായിരുന്നെന്ന്‌..
പറഞ്ഞില്ല ആരും...
എന്നിട്ടും...
തൂവാതെ ഞാനെടുത്തു വച്ചയെന്റെ,
എല്ലാ സ്വപ്നങ്ങളും ഏറ്റെടുത്ത്
പെയ്‌ത് തീരുകയായിരുന്നു...

തീര്‍ന്നിട്ടില്ലയൊന്നും,
കേള്‍ക്കാം ഇപ്പോഴും കണ്ണടച്ചാല്‍
തുള്ളികള്‍ വീണുതിരുന്ന ശബ്ദം,
ഒരു ഞരക്കം,
ജീവന്റെ അവസാന ശ്വാസം പോലെ...

ഇരുളില്‍ തെളിയാത്ത രൂപങ്ങളില്‍
വെളിച്ചം മറച്ചതിരിടുമ്പോള്‍...
ചിലപ്പോള്‍ ചിതലരിക്കുന്നൊരവസാന പേജില്‍,
പ്രണയം മണക്കുന്ന തുരുമ്പിച്ചൊരക്ഷരങ്ങളില്‍
ഞാന്‍ കുടിയിരിക്കുന്നു നിന്നിലെന്നും ... ഓര്‍മ്മകളുടെ പിടിയില്‍ പിടഞ്ഞ്...
ആരോടും പറയാത്തൊരു കഥയായ്‌...

അവശേഷിപ്പിച്ചിട്ടുണ്ടെന്തൊക്കെയോ എന്നോര്‍ത്താവാം പോയത്.
പക്ഷേ നീ നാളെ വീണ്ടും ആര്‍ത്തു പെയ്യുമ്പോള്‍
അറിക....
ഏറ്റു വാങ്ങാന്‍ ഞാനിവിടെയില്ലെന്ന്‌...


Tuesday, March 09, 2010

നാം.... !!!

ചില സമരേഖകള്‍ അങ്ങിനെയാണ്‌
ഒരിക്കലും അടുക്കാതെ, എന്നും ഒരേ ദൂരം വിട്ട്‌..
ദൂരെ നിന്നും നോക്കുന്നവര്‍ക്ക് നാം ഒന്നായവരെന്നു തോന്നും..
ചിലര്‍ക്ക് പിരിഞ്ഞകന്നവരെന്നും
എങ്കിലും ഒരിക്കലും അടുക്കാതെയും, എന്നാല്‍ അകലാതെയും,
അവ നീണ്ടു കൊണ്ടേയിരിക്കും...
നീയും ഞാനും പോലെ..