Friday, December 17, 2010

രസങ്ങള്‍

മരിക്കാന്‍ വിഷമെടുത്തു വച്ചപ്പോള്‍,
എന്തൊക്കെയോ ഓര്‍മ്മ വന്നു!
സ്വാദറിയാത്ത വിഷത്തിന്‌ ഏത് രസമായിരിക്കും??
ഉപ്പു രസം മാത്രമുള്ള കഞ്ഞിയില്‍ പ്ളാവിലയുടെ കയ്പ്പ്,
എന്നെ നെഞ്ചോട് ചേര്‍ത്ത്, അമ്മ കരയുമ്പോള്‍,
എന്റെ ചുണ്ടില്‍ വീണ വെള്ളത്തിനും, ഉപ്പു രസമായിരുന്നു...
പ്രണയം തേനും പാലുമാണെന്ന് പറഞ്ഞിട്ടും,
എനിക്കു നുകരാനായത്, കയ്പ്പു രസം മാത്രമായിരുന്നു!!
അതു മാത്രമായിരുന്നു പരിചിതമായ രസങ്ങള്‍..
ജീവിതത്തിന്റെ കയ്പ്പും കണ്ണീരിന്റെ ഉപ്പും,
നല്ല കോമ്പിനേഷനാണെന്ന് സമ്മതിക്കുന്നു..
പക്ഷേ അതു കൂട്ടിയീ ജീവിതം തിന്നു തീര്‍ക്കന്‍ കഴിയുന്നുമില്ല....
എന്നിട്ടും മരിക്കാനൊരുങ്ങാഞ്ഞത്,
ഒരിക്കല്‍ ,..ഒരിക്കലെങ്കിലും, ആഗ്രഹങ്ങളുടെ നാവിന്,
എന്തെങ്കിലും വ്യത്യസ്തത നുണയാമെന്നു കരുതിയായിരുന്നു...
ഇനി കണ്ണീരിന്റെ സ്വാദ് മാറ്റിയാലും,
ഇതു തോരാന്‍ പോകുന്നില്ലെന്നിപ്പോള്‍ മനസ്സിലാക്കുന്നു...
വിഷത്തിന്റെ സ്വാദോര്‍ത്തു ഞാനെന്തിനു വിഷമിക്കണം...
മരിക്കുകയല്ലേ...
പക്ഷേ എന്നെ രക്ഷിക്കാന്‍ ശ്രമിക്കരുത്....
ആശുപത്രിയിലെ മരുന്നുകള്‍ക്ക്, കയ്പ്പു മാത്രമേ ഉള്ളൂ എന്നെനിക്കറിയാം...
ഒരു വേള, രസമില്ലാതൊരീ രസങ്ങളുടെ ലോകത്തിലേക്ക്,
ജീവന്‍ രക്ഷിച്ച്, ഇനിയും എന്നെ തള്ളി വിടാതിരുന്നു കൂടേ.....
ഇതൊക്കെ പറയുമ്പോഴും ഇപ്പോള്‍ വെറുതേ;
മനസ്സില്‍ നെയ്ത എല്ലാ സ്വപ്നങ്ങളും,
ചുരുട്ടിയെടുത്ത്,
ജീവിത്തതിന്റെ പുറമ്പോക്കില്‍ തള്ളുമ്പോള്‍...
എന്നോ കീറിയ ഹൃദയത്തിന്റെ ഉള്ളില്‍,
വീണ്ടും, പ്രതീക്ഷകളുടെ, തുന്നലുകള്‍ വീഴുന്നു,
വെറുതേ, ഓരോന്ന് ആഗ്രഹിച്ചു പോകുന്നു..
ഞാന്‍ നടന്നൊരീ വഴികളില്‍ ഇനിയും
വസന്തമൊരുങ്ങുമായിരിക്കാം...
ചവിട്ടുമ്പോള്‍ അമര്‍ന്നടങ്ങിയ കരിയിലകള്‍ക്കു പകരം
ചിരിക്കുന്ന പൂക്കള്‍ വിരിഞ്ഞേക്കാം...
എന്നെ കവിഞ്ഞൊഴുകിയ, കണ്ണുനീര്‍ത്തുള്ളികള്‍ക്കു പകരം,
പ്രത്യാശയുടെ പെരുമഴ പെയ്തേക്കാം...
അതിനെല്ലാം കാത്ത്, ഒരു ജന്‌മം കൂടി,
ഇങ്ങനെ ഒക്കെ തന്നെ,
വ്യത്യസ്തമായ രസങ്ങളില്ലാതെ,
മടുപ്പിന്റെ ഉപ്പു നീരും,
വെറുപ്പിന്റെ കയ്പ്പു നീരും,
തിരസ്കാരങ്ങളുടെ ചവര്‍പ്പും നുകര്‍ന്ന്,
ചിരിച്ചു കൊണ്ടീ വേദനകളെ തോല്‍പ്പിക്കാന്‍....
കാത്തിരിക്കാം.... അല്ലേ...??!!!

9 comments:

വിനുവേട്ടന്‍ said...

'കോമ്പിനേഷന്‍' എന്ന ആംഗല പദം ഒഴിവാക്കിയിരുന്നെങ്കില്‍ അഭംഗി ഒഴിവാക്കാമായിരുന്നു. 'നല്ല ചേര്‍ച്ചയാണെന്ന് സമ്മതിക്കുന്നു' എന്നായിരുന്നെങ്കിലും മതിയായിരുന്നല്ലോ..

ആശംസകള്‍..

ആറങ്ങോട്ടുകര മുഹമ്മദ്‌ said...
This comment has been removed by the author.
ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ഏതവസ്ഥയിലും ഉണ്ടാകാവുന്ന മനസ്സിന്‍റെ ജീവിക്കാനുള്ള കൊതി ഈ വരികളില്‍ കാണാന്‍ കഴിയുന്നുണ്ട്.. കവിത നന്നായിട്ടുണ്ട്.

Naushu said...

നന്നായിട്ടുണ്ട്.....

SUJITH KAYYUR said...

valare nannaayi.aashamsakal.happy new year

ശ്രീനാഥ്‌ | അഹം said...

Kollam da... Gud one.

Unknown said...

hi.. :)

അച്യുതന്‍ said...

നല്ല കോമ്പിനേഷനാണെന്ന് സമ്മതിക്കുന്നു.

'നല്ല ലയം!' എന്ന് മാത്രം മതി.
എന്റെ പ്രിയപ്പീട്ട അഞ്ജു,
നന്നാവുന്നുണ്ട്,ട്ടോ!
വല്ലാതെ നീട്ടി പറയണ്ട.

വ്യത്യസ്ത വിഷയങ്ങള്‍!
കൂടുതല്‍ നേര്‍ക്കുനേര്‍ ചിലക്കുമ്പോള്‍!
അതായത് ചാറ്റിങ്!

Achacho said...

HELLO ANJU NICE!!!!
WELL happy birthday!! 3-3-11