Thursday, July 30, 2009

അന്നത്തെ മഴക്കാലം.... !!

"ഇതൊരു കഥയല്ല, ഒരോര്‍മ്മക്കുറിപ്പു മാത്രമാണ് .... ആലങ്കാരിക ഭംഗിയോ, എഴുത്തിന്റെ ഒഴുക്കോ ഒന്നും എടുത്തു പറയാനില്ലെങ്കിലും ഇതെന്റെ ജീവിതമായി വളരെ അടുത്തു കിടക്കുന്നതു കൊണ്ട്, എനിക്കെന്തോ പോസ്‌റ്റ് ചെയ്യാതിരിക്കാന്‍ കഴിഞ്ഞില്ല...."

അന്നത്തെ രാത്രികള്‍ക്ക് തണുപ്പ് കൂടുതലുണ്ടായിരുന്ന പോലെ തോന്നുന്നു... ഇടക്കിടെ, അല്ല എല്ലായ്പ്പോഴും തണുത്ത കാറ്റ് അടിച്ചു കൊണ്ടേയിരിക്കും.... സമയം എട്ട് കഴിഞ്ഞിട്ടേ ഉണ്ടാവൂ. എങ്കിലും ഒരു പാട് രാത്രി ആയ പോലെ... അകലെയായി മഴയുടെ ഇരമ്പലുകള്‍ കേള്‍ക്കുന്നുണ്ടാവും...


അത് ഒരു മഴക്കാലമായിരുന്നു!! എല്ലാ മഴക്കാലങ്ങളേയും പോലെ, വളരെ മനോഹരമായ ഒരു കാലം... പക്ഷേ ഇന്നു ചിന്തിക്കുമ്പോള്‍ അതൊരു തരം ഗൃഹാതുരതയായി അനുഭവപ്പെടുന്നു... പക്ഷേ ഏതു നിമിഷവും ഇരച്ചു വരാവുന്ന മലവെള്ളം സ്വപ്നവും കണ്ട് ഉറക്കമില്ലാതെ കിടക്കുമ്പോള്‍, പേടിയും തോന്നാറുണ്ടായിരുന്നു.... രാത്രികളായിരുന്നു കൂടുതല്‍ ഭയമുണര്‍ത്താറ്.... മഴ തോരാതെ പെയ്യുമ്പോള്‍ മുത്തശ്ശി എല്ലാ ദൈവങ്ങളേയും വിളിച്ചു പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു.... കൊടിക്കുന്നത്ത് അമ്മക്ക് വഴിപാടുകള്‍ നേരുന്നതിന്റെ ഒപ്പം 1924 ലെയും 1942 ലെയും വെള്ളപ്പൊക്കങ്ങളുടെ കത്തകള്‍ പറഞ്ഞു കൊണ്ടേയിരുന്നു... എനിക്ക് ഇടക്കിടെ ശ്രദ്ധ പോണുണ്ടായിരുന്നു... കേട്ടതാണെങ്കിലും വീണ്ടും വീണ്ടും കേള്‍ക്കാന്‍ ഇഷ്ടമാണീ കഥകള്‍.... പക്ഷേ കുറച്ചകലെയായി ഇരമ്പുന്ന നിളയുടെ ശബ്ദം കേള്‍ക്കാം... കടലിടികള്‍ കേള്‍ക്കാം(അച്ഛന്‍ പറയാറുള്ളതാണ്‌... കടലില്‍ ഇടി വെട്ടുമോ ആവൊ!! അതും പൊന്നാനിയില്‍ നിന്നും ഈ പള്ളിപ്പുറം വരെ അതിന്റെ ശബ്ദം എത്തുമോ??) 1924(/1942) ലെ വെള്ളപ്പൊക്കം എന്നു കേട്ടാല്‍ എം. ടി യെ ഓര്‍മ്മ വരും.... നാലുകെട്ടില്‍ അതു വായിച്ചപ്പോള്‍, അച്ചമ്മയുടേ അതേ വേര്‍ഷനില്‍ കേള്‍ക്കുന്ന പോലെ....

എനിക്ക് ഈ പേമാരിയെ ഭയക്കേണ്ട ആവശ്യമൊന്നും ഇല്ല... നിളയും തൂതയും നിറഞ്ഞു കവിഞ്ഞാലും ഞങളുടെ അവിടെക്ക് വേള്ളം കയറില്ല... അത്ര ഭയങ്കരമായ മഴ പെയ്യേണ്ടി വരും.... എന്നിട്ടും പള്ളിപ്പുറം പാടത്ത് വെള്ളം കയറാന്‍ വെറുതെ ആഗ്രഹിച്ചു... അപ്പൊ തൃത്താലയില്‍ നിന്നും തോണി വരും.... വെറുതെ തോണിയില്‍ കയറാന്‍ മാത്രമായി വെണമെങ്കില്‍ റെയില്‍വേ സ്റ്റേഷന്‍ വരെ പോവുകയും ചെയ്യാം.... തോണിയില്‍ ഇരിക്കാന്‍ ശരിക്കും പേടിയാണ്.. പ്രത്യേകിച്ച് കയറുമ്പോഴും ഇറങ്ങുമ്പോഴും.... 5 മിനിറ്റേ യാത്ര ഉള്ളൂ എങ്കിലും എതാണ്ട് പാടത്തിന്റെ നടുവില്‍ എത്തുമ്പോള്‍ നല്ല പേടി വരും... മഴയും കാറ്റും വരാതിരിക്കാന്‍ പ്രാര്‍ത്ഥിക്കും....പുഴ വെള്ളത്തില്‍ പാമ്പ്‌ വരും.. കാട്ടില്‍ നിന്നും ഒക്കെ... തോണിയില്‍ നിന്നും ഇറങ്ങുമ്പോള്‍ നീര്‍ക്കോലിയെ കണ്ടാലും തവളകുട്ടികളെ കണ്ടാലും ഒന്നും തിരിച്ചറിയില്ല.... പേടി കൊണ്ടാവും....

പുഴവെള്ളം വരുമ്പോള്‍ വേറെ ഒരു കാഴ്ചയുള്ളത്, വാഴപ്പിണ്ടി കൊണ്ട് ചങ്ങാടം ഉണ്ടാക്കലാണ്‌... ഏട്ടന്‍മാര്‍ അതില്‍ കയറാന്‍ വിളിക്കാറുണ്ട്‌.. പക്ഷേ, അന്ന് നീന്താന്‍ അറിയില്ലായിരുന്നു... എങ്ങാനും കയറു പൊട്ടി വീണാല്‍, ഇവര്‍ക്ക് പിടിക്കാനായില്ലേല്‍, പിന്നെ അറബികടലിലെത്തും...(ധൈര്യമില്ലായിരുന്നു എന്നു പറയുന്നില്ല തല്‍ക്കാലം..) അതു കൊണ്ട്‌ ഇതു വരെ അതില്‍ കയറിയിട്ടില്ല... ഒരു നഷ്ടബോധമായി അത് ഇപ്പോഴും മനസ്സില്‍ കിടക്കുന്നുമുണ്ട്‌...

സ്കൂളോര്‍മ്മകള്‍ കുറച്ചു കൂടി രസമാണ്‌..... ചില മഴക്കാല രാവിലെകള്‍ മനസ്സില്‍ പെയ്യാറുള്ളത്‌ മടി കൂടിയാണ്‌ !! എണീക്കാന്‍ മടി, കുളിക്കാന്‍ മടി, സ്കൂളില്‍ പോവാന്‍ മടി... എന്നാലും പോവുമ്പോള്‍ എവിടെയൊക്കെ വെള്ളം കെട്ടി നില്‍ക്കുന്നുണ്ടോ അവിടെയൊക്കെ കാലു കഴുകുമായിരുന്നു.. ചുമ്മാ ഒരു രസത്തിന്‌.... വെള്ളം ഒഴുകുന്ന എല്ലാ ചാലുകളും, കുളങ്ങളും പോയി നോക്കുമായിരുന്നു.... എന്നിട്ടും 10 മിനിറ്റ് കൊണ്ട് എത്താവുന്ന ദൂരം 30 മിനിറ്റ് കൊണ്ട് എത്തുമായിരുന്നു... സ്കൂളില്‍ എത്തിയാല്‍ കുടകളുടെ ബഹളമാണ്‌ ! ഇന്നത്തെ കുട്ടികളേ പോലെ, അന്ന്‌ എല്ലാ വര്‍ഷവും കുടയൊന്നും വാങ്ങില്ല... നല്ല പുതിയ കുടകള്‍ കാണുമ്പോള്‍ ചിലപ്പോള്‍ അസൂയ തോന്നും ...ഈ കുടയിലൊക്കെ എന്തു കാര്യം എന്ന മട്ടില്‍ പിന്നെ അതൊന്നും മൈന്‍ഡ് ചെയ്യാത്ത പോലെ ഇരിക്കും ...മഴ പെയ്യാന്‍ പോവുകയാണെങ്കില്‍ സ്‌കൂള്‍ നേരത്തെ വിടും... പിന്നെ ഒരു ഓട്ടമാണ്‌! വേഗം വീട്ടില്‍ എത്താന്‍... വീടിനു പുറത്ത് അച്ചമ്മ കാത്തു നില്‍ക്കുന്നുണ്ടാവും ഞങ്ങള്‍ വരുന്ന വരെ മഴയോട്‌ മാറി നില്‍ക്കാന്‍ പറഞ്ഞ്....

ഇന്നത്തെ മഴ!! ഇല്ല... ഇന്നത്തെ മഴയ്ക്കത്ര ഭംഗി ഇല്ല... അല്ലെങ്കില്‍ മനസ്സും കാലം വളര്‍ന്നപ്പോള്‍ മഴയെ ആസ്വദിക്കുന്ന രീതി മാറിയാതിനാലാവാം.... ഇന്നും നാട്ടില്‍ പോവുമ്പോള്‍, മഴയത്ത് കുടയില്ലാതെ ഓടുന്ന, മഴവെള്ളം ചവിട്ടി തെറുപ്പിച്ച് നടക്കുന്ന കുട്ടികളേ കാണുമ്പോള്‍ ശരിക്കും അസൂയ തോന്നും..ഇനി ഞാന്‍ അതു പോലെയൊക്കെ ചെയ്താല്‍ എനിക്ക് വട്ടാണെന്നു പറയില്ലെ... എന്നലും ശ്രമിക്കാറുണ്ട് കേട്ടോ... നമ്മുടെ സ്വകാര്യമായ സന്തോഷങ്ങള്‍ എന്തിന്‌ വേണ്ട എന്നു വെക്കണം ????!!

ഇത്തവണ ഞങ്ങടെ പാടത്ത് വെള്ളം കയറി... തോണി വന്നു... നിള കര കവിഞ്ഞൊഴുകി, തന്റെ അതിര്‍ വരമ്പുകള്‍ പുതുക്കി.... സ്കൂളുകള്‍ക്ക് ഒഴിവു പറഞ്ഞു....

ഞാന്‍ വളരെ ദൂരെയാണ്‌ !!! വളരെ വളരെ... ഇനി എത്തുമ്പോഴേക്കും എല്ലാം കഴിഞ്ഞിട്ടുണ്ടാവും..... മഴ അടങ്ങിയിട്ടുണ്ടാവും.... കടലിടികള്‍ മുഴങ്ങുന്നുണ്ടാവില്ല....

എന്നാലും എനിക്കു കാണാനാവും... അങ്ങ് ദൂരെ, മഴമേഘങ്ങള്‍ മണ്ണിലേക്കിറങ്ങുന്ന ഒരു പ്രഭാതത്തില്‍, മിക്കിയും മിന്നിയും നിറഞ്ഞു നില്‍ക്കുന്ന ഒരു പുള്ളിക്കുടയ്ക്കു കീഴെ, കയ്യിലെ കടലാസു തോണികള്‍ മുറുകെ പിടിച്ച്, മഴ വരുന്നതും കാത്തിരിക്കുന്ന ഒരു പെണ്‍കുട്ടിയെ.... !!!

21 comments:

Unknown said...

ഇത്തവണയും മഴ തകര്‍ത്തു പെയ്യുന്ന നാട്ടിലെ ഒരു അലസന്‍ പ്രഭാതം ആസ്വദിക്കാന്‍ കഴിയാത്ത നിരാശ ഉള്ളില്‍ നിറയുമ്പോള്‍.. ബാംഗ്ളൂരിലെ, നിറമില്ലാത്ത മടുപ്പിലേക്കുന്ന ഒരു മഴ നനഞ്ഞിരിക്കുമ്പോള്‍.... മങ്ങാത്ത ഓര്‍മ്മയില്‍ നിന്നും കീറിയെടുത്തതാണിത്‌... !!

rahoof poozhikkunnu said...

എഴുതുന്നെങ്കിൽ ഇങനെ എഴുതണം യാദ്രുഷ്ചികമായി കയറിയതാൺ അഞ്ജു അഭിനന്ദനങൽ

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

മഴയാണ്, മഴ..
നനുനനുങ്ങിനെ
നനഞ്ഞിറങ്ങും മഴ.
നനഞ്ഞാലും നനയില്ലെന്ന
ചേമ്പിലച്ചിരിയില്‍
ഇക്കിളിയിട്ട്
മണ്ണില്‍ കുളിരുന്ന മഴ..

വരവൂരാൻ said...

എനിക്കും കാണാം ...അങ്ങ് ദൂരെ, മഴമേഘങ്ങള്‍ മണ്ണിലേക്കിറങ്ങുന്ന ഒരു പ്രഭാതത്തില്‍, മിക്കിയും മിന്നിയും നിറഞ്ഞു നില്‍ക്കുന്ന ഒരു പുള്ളിക്കുടയ്ക്കു കീഴെ, കയ്യിലെ കടലാസു തോണികള്‍ മുറുകെ പിടിച്ച്, മഴ വരുന്നതും കാത്തിരിക്കുന്ന ഒരു പെണ്‍കുട്ടിയെ....

തുടരുക ആശംസകൾ

വികടശിരോമണി said...

അഞ്ജു,മനോഹരമായിരിക്കുന്നു.
മഴ കാത്തിരിക്കുന്ന ആ കുട്ടിയെ എനിക്കും കാണാം.
ദിനസരികളിലെങ്ങോ നഷ്ടമായ എന്റേയും ബാല്യത്തിന്റെ ഓർമ്മകളും.
ആശംസകൾ!

വിഷ്ണു | Vishnu said...

കേരളത്തിലെ മഴ കാലം ശരിക്കും മിസ്സ്‌ ചെയുന്നു. പോസ്റ്റിനു വളരെ നന്ദി

Podi mon.. said...

Good...Rain, its been always cherishing...till now.But tomorrow we don't know..but can hope for a rain in our own world or the space that we created for ourselvs...a rain, raining like cats and dogs...

ഉപാസന || Upasana said...

thr^ththaalayile oru xEthraththiallE puzha kayarumpol aaratte nadakkunna oru ampalam.?

Writing good
:-)
Upasana

Sureshkumar Punjhayil said...

Mikkiyum minniyum mathramalla ketto...!

Manoharam, Ashamsakal...!!!

ANITHA HARISH said...

Nannaayittundu to.... aashamsakal....

ഗിരീഷ്‌ എ എസ്‌ said...

എന്നെ ഏറെ അത്ഭുതപ്പെടുത്തിയ പോസ്‌റ്റുകളിലൊന്ന്‌
അഭിനന്ദനങ്ങള്‍....


ഇനിയും ഒരുപാടെഴുതുക
ആശംസകള്‍...
ഓര്‍മ്മകുറിപ്പുകള്‍ കലികയിലേക്ക്‌
അയച്ചുതരൂ...

എം പി.ഹാഷിം said...

നന്ദി മനസ്സില്‍ ആ പഴയ മഴ പെയ്യിച്ചതിനു

തത്തനംപുള്ളി said...

അറിയാതെ വന്നെത്തിയ ഒരു പട്ടാമ്പിക്കാരന്‍ അഥിതി യാണ് ഞാന്‍ ....
കൊള്ളാം എനിക്കിഷ്ടമായി ......
മഴയിലൂടെ ഞാനും എന്റെ ബാല്യത്തിലേക്ക് നടന്നു പോയി

Ranjith said...


" ഇന്നത്തെ മഴ!! ഇല്ല... ഇന്നത്തെ മഴയ്ക്കത്ര ഭംഗി ഇല്ല... അല്ലെങ്കില്‍ മനസ്സും കാലം വളര്‍ന്നപ്പോള്‍ മഴയെ ആസ്വദിക്കുന്ന രീതി മാറിയാതിനാലാവാം.... "


നല്ല ഒരു ഓര്‍മ്മക്കുറിപ്പ്‌... വായിക്കുമ്പോള്‍ മനസ്സ് ബാല്യത്തിലേക്ക് മടങ്ങി പോവുകയായിരുന്നു.... മഴയിന്നും ആസ്വാദ്യകരം തന്നെ. ആസ്വാദനത്തിന്റെ രീതി മാറിയെന്നു മാത്രം. മഴപെയ്യുമ്പോള്‍ അതിലേക്കിറങ്ങി മതിയാവോളം നനയാനും പുതുമണ്ണിന്റെ സുഗന്ധം ആവോളം നുകരാനും ഇന്നും മനസ്സ് ആഗ്രഹിക്കുന്നു. പഴയ അതെ തീവ്രതയോടെ...

Anonymous said...

This is the one i liked the most in ur writting...very good achu....


NASAARA

Dr. Prasanth Krishna said...

ഞാന്‍ എഴുതാന്‍ കൊതിച്ച വരികള്‍. എന്റെ ഡയറിയില്‍ പൂര്‍ത്തിയാകാതെ എഴുതി വച്ച കുട്ടികാലം. എല്ലായിടത്തും എല്ലാവരുടേയും കുട്ടികാലം ഇങ്ങനെ തന്നെയാകും അല്ലേ? ആയിരിക്കണം ഇല്ലങ്കില്‍ പിന്നെ എങ്ങനെ മലപ്പുറത്തു ഇങ്ങ് തിരിവിതാം കൂറിലും മനസ്സില്‍ ഒരേ കുട്ടികാലം ഉണ്ടാകുന്നു. വളരെ നന്നായിട്ടുണ്ട്. ആലങ്കാരിക ഭംഗിയോ, എഴുത്തിന്റെ ഒഴുക്കോ ഇല്ലാത്തതുതന്നയാണ് ഈ പോസ്റ്റിന്റെ ഭംഗി. ഇല്ലങ്കില്‍ ചുണ്ടില്‍ ചുവന്ന ചായം തേച്ച് ചിരിക്കുന്ന സുന്ദരിയുടെ ചിരിപോലെ വിക്യതമാകുമായിരുന്നു. ഇന്നോളം വായിച്ച ഏറ്റവും നല്ല പോസ്റ്റുകളിലൊന്ന് ഹ്യദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.

Minesh Ramanunni said...

മനോഹരമായിരിക്കുന്നു. കാര്‍മേഘങ്ങള്‍ തിരക്കിട്ടെത്തി ഇരുട്ടടച്ചു പെയ്തു പോകുന്ന തുലാവര്‍ഷത്തിലെ ഒരു സന്ധ്യക്കു ഒടിട്ട വീട്ടിന്റെ ഉമ്മറത്തിരുന്നു ഇറയത്തു നിന്നും നൂലുപോലെ താഴെക്കിറങ്ങി വരുന്ന് മഴ്യുടെ ഭംഗി ആസ്വദിക്കുന്ന ഒരു അനുഭവം പോലെ തോന്നി അഞ്ജുവിന്റെ ഈ രചന വായിച്ചപ്പോള്‍.

വൈശാഖ്‌ said...

കുറച്ച്‌ ദിവസങ്ങൾക്കു മുൻപാണു അഞ്ജുവിൻറെ ബ്ലോഗ്‌ ശ്രദ്ധയിൽപ്പെട്ടത്‌...
എഴുത്തിൻറെ സൌന്ദര്യം കൊണ്ടു തന്നെ ഒട്ടു മിക്ക രചനകളും ഞാൻ വായിച്ചു കഴിഞ്ഞു...
ഈ ഓർമ്മക്കുറിപ്പ്‌ വായിച്ചപ്പോൾ ഒരു പ്രത്യേക നൊസ്‌റ്റാൾജിയ അനുഭവപ്പെട്ടു...
അഞ്ജുവിൻറെ തൂലികയ്ക്ക്‌ ഇനിയും ഒരുപാട്‌ ചെയ്യാൻ കഴിയും...


അഭിനന്ദനങ്ങൾ...!!


ഞാനും ഒരു മലപ്പുറത്തുകാരനാണ്‌...
പാട്ടുകാരനും...
കുറച്ചൊക്കെ എഴുതുകയും ചെയ്യും...

Joy Mathew said...

വീടിനു പുറത്ത് അച്ചമ്മ കാത്തു നില്‍ക്കുന്നുണ്ടാവും ഞങ്ങള്‍ വരുന്ന വരെ മഴയോട്‌ മാറി നില്‍ക്കാന്‍ പറഞ്ഞ്.........great

adboy said...

mazha. atu thorathe peyyatte...

chithrakaran:ചിത്രകാരന്‍ said...

മഴ ആശംസകള്‍ !!!