Wednesday, July 22, 2009

ചുവപ്പ്‌എന്റെ കൊടിയുടെ നിറം ചുവപ്പായിരുന്നു
എന്റെ ചോരയുടെയും..
ഞാന്‍ പിച്ച വച്ചു നടക്കുന്ന കാലത്തെ
ജാഥയില്‍ ഒരു പിന്നാളായ് നിന്നു
അര്‍ത്ഥമറിയാതെ ഞാനെന്തൊക്കെയൊ ഏറ്റു ചൊല്ലി
ആരൊക്കെയൊ വേദിയില്‍ പ്രസംഗിക്കുമ്പോള്‍
ഞാനെന്റെ കൊടിയില്‍ മുഖം തുടച്ചു…
വിപ്ലവം,ബൂര്‍ഷ്വ, സമത്വം
എനിക്കൊന്നും മനസ്സിലായില്ല
മനുഷ്യ ചങ്ങലകളില്‍ പൊട്ടാതൊരു കണ്ണിയായ് നിന്നു
ഒരു പാടു നടന്നപ്പോള്‍ ആരോ എനിക്കു വെള്ളം തന്നു
അതിന്റെ നിറം ഞാന്‍ നോക്കിയില്ല
കാലൊന്നു വേച്ചപ്പോള്‍ കൈ തന്ന ആരോ പറഞ്ഞു
“ഇന്‍ക്വിലാബ് സിന്ദാബാദ്”.
പിന്നെ ഞാന്‍ വളര്‍ന്നപ്പോള്‍
ഈ ചുവപ്പു എന്റെ ഹൃത്തില്‍ പടര്‍ന്നു
ഞാന്‍ എന്തൊക്കെയൊ വായിച്ചു…
എന്തൊക്കെയൊ മനസ്സിലാക്കി,
ഈ കൊടിയുടെ ചുവപ്പു എന്റെ ആവേശമായി..
ഞാന്‍ പാര്‍ട്ടിക്കാരിയായി..
ഒരു വലിയ പാര്‍ട്ടിയുടെ, ഒരു ചെറിയ അണി…
സമൂഹം കാണാത്തവരുമായ് ഞാന്‍ ഇടപെട്ടു..
മേധാവിത്തങ്ങള്‍ക്കെതിരെ ഞങ്ങള്‍ പോരാടി..
വയലാറും കയ്യൂരും ഉണ്ടായി…

ഇടക്കിടെ വരുന്ന ഇലക്ഷനില്‍ മാത്രമായ്
എത്തുന്നവരോടു എനിക്കു പുച്ഛമായിരുന്നു
കാരണം ഈ ചുവപ്പു എന്റെ പ്രിയപ്പെട്ടതാണ്
ഒരു വേനല്‍ കാലത്തു ഞാനും മത്സരിച്ചു
ചൂടു മറന്നു ഞാന്‍ വോട്ടു ചോദിച്ചു
ഞാന്‍ ജയിച്ചപ്പോള്‍, എനിക്കെന്തൊ മടുത്തു
ഈ ചുവപ്പിനെ പലരും അപമാനിക്കുന്നു
ഇതു കാണാന്‍ എനിക്കെങ്ങിനെ കഴിയും?
നിറം നോക്കി വോട്ടു ചെയ്തവര്‍
നിറം മാത്രം നോക്കി
മനുഷ്യനെ നോക്കി വോട്ടു ചോദിച്ച ഞാന്‍,
ഞാന്‍, തനിച്ചായി..
അവഗണിക്കപ്പെടുന്നവര്‍ക്കായ് ഞാന്‍ പട വെട്ടി
ഒടുവില്‍ എന്റെ ഹൃത്തില്‍ നിന്നും ചുവപ്പു
പുറത്തേക്കൊഴുകി, ചോരയായി
പക്ഷെ എന്റെ ആത്മാവിനു നിറം പകരാന്‍
ഒരു ചുവന്ന കൊടി എന്റെ മുഖത്തു പാറി വീണു..
ജീവനറ്റ എന്റെ മുഖത്തു…
ഒരോ വര്‍ഷവും ആരൊക്കെയൊ എന്റെ ബലികുടീരത്തില്‍
പൂക്കള്‍ അര്‍പ്പിച്ചു..ചുവന്ന പൂക്കള്‍…
ഒടുവില്‍ ഞാന്‍ ചുവപ്പു മാത്രമായ്…
രക്തസാക്ഷിയെന്ന ഒരു പദം മാത്രമായി…

6 comments:

വരവൂരാൻ said...

ഒടുവില്‍ ഞാന്‍ ചുവപ്പു മാത്രമായ്…
രക്തസാക്ഷിയെന്ന ഒരു പദം മാത്രമായി

ആ പദം കൂടി എടുത്ത്‌ കളയു അവിടെയെങ്കിലും സുഖമായിരിക്കട്ടെ

ശ്രീ said...

:)

നരിക്കുന്നൻ said...

ഒരു പാർട്ടിക്കാരൻ ഉണ്ടാവുന്നതും ഇല്ലാതാവുന്നതും. അധികാരത്തിന്റെ അഹങ്കാരം നിന്റെ കണ്ണൂകളിൽ തിളങ്ങിയില്ലല്ലോ... രക്തപുഷ്പം വീണ നിന്റെ ശരീരത്തിന് നേരെ ഒരു റെഡ് സല്യൂട്ട്.

ഓർമ്മകളിൽ നിക്കറിട്ട ഒരു കൊച്ചു പയ്യൻ കയ്യിൽ പിടിച്ചുയർത്തിയ ചുവപ്പ് നിറമുള്ള കൊടിയിൽ മൂക്ക് തുടച്ച് നാവിന് വഴങ്ങാത്ത കടുത്തവാക്കുകൾ അർത്ഥമറിയാതെ വിളിച്ച് പറഞ്ഞ് വിളിച്ച് പറഞ്ഞ് തരുന്നവന്റെ അപാരമായ അറിവിലേക്ക് അസൂയയോടെ നോക്കി നടന്ന എന്റെ ബാല്യത്തിലേക്ക് ഒരുവേള കൊണ്ടുപോയതിന് നന്ദി. പിന്നീടറിഞ്ഞു എനിക്ക് മുദ്രാവാക്യം വിളിച്ച് പറഞ്ഞ് തന്നിരുന്നവർക്കും അറിയില്ലായിരുന്നു ഇതിന്റെയൊക്കെ അർത്ഥം എന്തെന്ന്...

Sureshkumar Punjhayil said...

ഒടുവില്‍ ഞാന്‍ ചുവപ്പു മാത്രമായ്…
Chuvappu mathramakunnathum ....!

Manoharam, Ashamsakal...!!!

thakidiyil said...

ആചാര്യൻ ഒരു സമൂഹത്തെ സ്രിഷ്ടിക്കുന്നു,
എന്നാൽ ഒരു രക്തസാക്ഷി ഒരു ലോകം സ്രിഷ്ടിക്കുന്നു.

രക്തസാക്ഷി എന്നതിനെക്കാൾകൂടുതലായി ഒരുവനു എന്താണുയരുവാൻ കഴിയുക?

രക്തസാക്ഷികൾ നിങ്ങള് രക്തനക്ഷത്രങ്ങൾ
ദീപ്തമാം നിങ്ങളുടെ സ്മരണകൾ
ഞങ്ങളുടെ വഴി വിളക്കുകൾ

ലാൽ സലാം

sumesh said...

"....
the falcon cannot hear the falconer,
things fall apart, the center cannot hold,
mere anarchy is loosed upon the world"

It's happy 2 see that u r politically aware. good attempt.