Thursday, June 25, 2009

ഇങ്ങനേയും ഒരമ്മ !

രക്തം ഒഴുകുന്ന വഴിയൊരു ഭൂതകാലം ഓര്‍മ്മിപ്പിച്ചു…
ഇതു പോലെ, ചുവന്ന വാകയിതളുകള്‍ വീണ ഒരു വഴിയില്‍,
തുടിക്കുന്ന ഹൃദയവുമായി, ഒരാളുടെ കൈ പിടിച്ച്,
ആ വഴിയില്‍ കണ്ടതെല്ലാം മനോഹരമായിരുന്നു…
എവിടെയോ വച്ച് പക്ഷേ,
കണ്ണിലൂടൊഴുകിയതും രക്തമായിരുന്നോ….
വഴിയറിയാതെ, അതു വീണിടത്തെല്ലാം പൂത്തത്, വാകയും…
ഒരു കുഞ്ഞു തുടിപ്പു പേറിയിട്ടും…
പലരും ഭാവിയെ കുറിച്ചോര്‍മ്മിപ്പിച്ചു….
അറുത്തു കളയാന്‍ ഒരു പൂമൊട്ട്…
അന്നു മുറിഞ്ഞൊഴുകിയ രക്തത്തിലൂടെ, അവന്‍
ശ്വസിക്കാതെ കടന്നു പോയി..
ഇപ്പോഴും സ്വപ്നങ്ങളില്‍ ഒരു ചിരി കേള്‍ക്കാം
ഒരു വിളി കേള്‍ക്കാം…
കുറെ ചോദ്യങ്ങള്‍ കേള്‍ക്കാം…
എന്റെ പ്രണയം ഈ വഴിയേ തിരിച്ചു വന്നിട്ടും….
എനിക്ക് നഷ്ടമായ, എന്റെ ജീവന്റെ ആ തുടിപ്പ്…
ഇപ്പോഴും എന്നെ തൊടുന്നതറിയാം
അപ്പോള്‍ ഹൃദയത്തിലേക്കും ഒരു നനവു പടരുന്നു….
മാറു നിറയുന്നു…
എനിക്ക്, നഷ്ടമായൊരെന്റെ മാതൃത്വം…
അത്, എന്തിലും വലുതായതും…
കണ്ണീരും മുലപ്പാലും കൊണ്ടലിഞ്ഞു തീരാറായൊരമ്മ,
ഇവിടെ അവനെ ഓര്‍ത്ത് കരയുന്നുണ്ടെന്നവന്‍ അറിയുന്നുണ്ടോ?
കൈ ഞരമ്പുകളിലൂടെ ഇറ്റിറ്റു വീഴുന്ന രക്തം…
എന്റെ കുഞ്ഞിന്റെ രക്തത്തിനു പകരമാവുമോ??…
മരിച്ചാലും അവിടെ എത്തിയാല്‍,
അവനെ ഞാന്‍ എങ്ങിനെ നോക്കും…
അവന്‍ ശപിച്ചില്ലെങ്കിലുംഒരു നൂറു ജന്‍മത്തിലേക്ക്,
അമ്മയാവാന്‍ ഇനി എനിക്കു കഴിയോ??
മുഖം തെളിയും മുന്‍പ്‌, ഹൃദയം മിടിക്കും മുന്‍പ്‌
അവനെ ഞാന്‍…….
ഒഴുകുന്ന ഈ രക്തതിലൂടെ, എന്റെ ജീവന്‍ ഒലിച്ചു പോവുകയാണ്…
മുക്തി കിട്ടാതെ, ഞാനിവിടെ അലയുമ്പോളും…
ഉള്ളില്‍ ഞാന്‍ കാണാത്തൊരെന്റെ കുഞ്ഞ്….
അവന്‍ എന്നെ സ്‌നേഹിച്ച് ശ്വസം മുട്ടിക്കുന്ന പോലെ…
അതില്‍ ഞാന്‍ ഞെരിഞ്ഞമര്‍ന്ന്,
പതിയേ…പതിയേ…. എവിടേക്കോ… യാത്രയാവുന്നു…

2 comments:

വരവൂരാൻ said...

രക്തം ഒഴുകുന്ന വഴിയൊരു ഭൂതകാലം ഓര്‍മ്മിപ്പിച്ചു… ഇതു പോലെ, ചുവന്ന വാകയിതളുകള്‍ വീണ ഒരു വഴിയില്‍,
തുടിക്കുന്ന ഹൃദയവുമായി..
അന്നു മുറിഞ്ഞൊഴുകിയ രക്തത്തിലൂടെ, അവന്‍
ശ്വസിക്കാതെ കടന്നു പോയി..
ഇപ്പോഴും സ്വപ്നങ്ങളില്‍ ഒരു ചിരി കേള്‍ക്കാം
ഒരു വിളി കേള്‍ക്കാം…
കുറെ ചോദ്യങ്ങള്‍ കേള്‍ക്കാം…
അവന്‍ ശപിച്ചില്ലെങ്കിലുംഒരു നൂറു ജന്‍മത്തിലേക്ക്,
അമ്മയാവാന്‍ ഇനി എനിക്കു കഴിയോ??
മുഖം തെളിയും മുന്‍പ്‌, ഹൃദയം മിടിക്കും മുന്‍പ്‌
അവനെ ഞാന്‍…….

ശക്തമായ വരികൾ... ഒത്തിരി വേദനിപ്പിച്ചു .... ചിന്തിപ്പിച്ചും...

Anonymous said...

തീരാത്ത വേദന- നന്ദി അഞ്ജു.
-ബാലചന്ദ്രൻ ചുള്ളിക്കാട്