Thursday, July 30, 2009

അന്നത്തെ മഴക്കാലം.... !!

"ഇതൊരു കഥയല്ല, ഒരോര്‍മ്മക്കുറിപ്പു മാത്രമാണ് .... ആലങ്കാരിക ഭംഗിയോ, എഴുത്തിന്റെ ഒഴുക്കോ ഒന്നും എടുത്തു പറയാനില്ലെങ്കിലും ഇതെന്റെ ജീവിതമായി വളരെ അടുത്തു കിടക്കുന്നതു കൊണ്ട്, എനിക്കെന്തോ പോസ്‌റ്റ് ചെയ്യാതിരിക്കാന്‍ കഴിഞ്ഞില്ല...."

അന്നത്തെ രാത്രികള്‍ക്ക് തണുപ്പ് കൂടുതലുണ്ടായിരുന്ന പോലെ തോന്നുന്നു... ഇടക്കിടെ, അല്ല എല്ലായ്പ്പോഴും തണുത്ത കാറ്റ് അടിച്ചു കൊണ്ടേയിരിക്കും.... സമയം എട്ട് കഴിഞ്ഞിട്ടേ ഉണ്ടാവൂ. എങ്കിലും ഒരു പാട് രാത്രി ആയ പോലെ... അകലെയായി മഴയുടെ ഇരമ്പലുകള്‍ കേള്‍ക്കുന്നുണ്ടാവും...


അത് ഒരു മഴക്കാലമായിരുന്നു!! എല്ലാ മഴക്കാലങ്ങളേയും പോലെ, വളരെ മനോഹരമായ ഒരു കാലം... പക്ഷേ ഇന്നു ചിന്തിക്കുമ്പോള്‍ അതൊരു തരം ഗൃഹാതുരതയായി അനുഭവപ്പെടുന്നു... പക്ഷേ ഏതു നിമിഷവും ഇരച്ചു വരാവുന്ന മലവെള്ളം സ്വപ്നവും കണ്ട് ഉറക്കമില്ലാതെ കിടക്കുമ്പോള്‍, പേടിയും തോന്നാറുണ്ടായിരുന്നു.... രാത്രികളായിരുന്നു കൂടുതല്‍ ഭയമുണര്‍ത്താറ്.... മഴ തോരാതെ പെയ്യുമ്പോള്‍ മുത്തശ്ശി എല്ലാ ദൈവങ്ങളേയും വിളിച്ചു പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു.... കൊടിക്കുന്നത്ത് അമ്മക്ക് വഴിപാടുകള്‍ നേരുന്നതിന്റെ ഒപ്പം 1924 ലെയും 1942 ലെയും വെള്ളപ്പൊക്കങ്ങളുടെ കത്തകള്‍ പറഞ്ഞു കൊണ്ടേയിരുന്നു... എനിക്ക് ഇടക്കിടെ ശ്രദ്ധ പോണുണ്ടായിരുന്നു... കേട്ടതാണെങ്കിലും വീണ്ടും വീണ്ടും കേള്‍ക്കാന്‍ ഇഷ്ടമാണീ കഥകള്‍.... പക്ഷേ കുറച്ചകലെയായി ഇരമ്പുന്ന നിളയുടെ ശബ്ദം കേള്‍ക്കാം... കടലിടികള്‍ കേള്‍ക്കാം(അച്ഛന്‍ പറയാറുള്ളതാണ്‌... കടലില്‍ ഇടി വെട്ടുമോ ആവൊ!! അതും പൊന്നാനിയില്‍ നിന്നും ഈ പള്ളിപ്പുറം വരെ അതിന്റെ ശബ്ദം എത്തുമോ??) 1924(/1942) ലെ വെള്ളപ്പൊക്കം എന്നു കേട്ടാല്‍ എം. ടി യെ ഓര്‍മ്മ വരും.... നാലുകെട്ടില്‍ അതു വായിച്ചപ്പോള്‍, അച്ചമ്മയുടേ അതേ വേര്‍ഷനില്‍ കേള്‍ക്കുന്ന പോലെ....

എനിക്ക് ഈ പേമാരിയെ ഭയക്കേണ്ട ആവശ്യമൊന്നും ഇല്ല... നിളയും തൂതയും നിറഞ്ഞു കവിഞ്ഞാലും ഞങളുടെ അവിടെക്ക് വേള്ളം കയറില്ല... അത്ര ഭയങ്കരമായ മഴ പെയ്യേണ്ടി വരും.... എന്നിട്ടും പള്ളിപ്പുറം പാടത്ത് വെള്ളം കയറാന്‍ വെറുതെ ആഗ്രഹിച്ചു... അപ്പൊ തൃത്താലയില്‍ നിന്നും തോണി വരും.... വെറുതെ തോണിയില്‍ കയറാന്‍ മാത്രമായി വെണമെങ്കില്‍ റെയില്‍വേ സ്റ്റേഷന്‍ വരെ പോവുകയും ചെയ്യാം.... തോണിയില്‍ ഇരിക്കാന്‍ ശരിക്കും പേടിയാണ്.. പ്രത്യേകിച്ച് കയറുമ്പോഴും ഇറങ്ങുമ്പോഴും.... 5 മിനിറ്റേ യാത്ര ഉള്ളൂ എങ്കിലും എതാണ്ട് പാടത്തിന്റെ നടുവില്‍ എത്തുമ്പോള്‍ നല്ല പേടി വരും... മഴയും കാറ്റും വരാതിരിക്കാന്‍ പ്രാര്‍ത്ഥിക്കും....പുഴ വെള്ളത്തില്‍ പാമ്പ്‌ വരും.. കാട്ടില്‍ നിന്നും ഒക്കെ... തോണിയില്‍ നിന്നും ഇറങ്ങുമ്പോള്‍ നീര്‍ക്കോലിയെ കണ്ടാലും തവളകുട്ടികളെ കണ്ടാലും ഒന്നും തിരിച്ചറിയില്ല.... പേടി കൊണ്ടാവും....

പുഴവെള്ളം വരുമ്പോള്‍ വേറെ ഒരു കാഴ്ചയുള്ളത്, വാഴപ്പിണ്ടി കൊണ്ട് ചങ്ങാടം ഉണ്ടാക്കലാണ്‌... ഏട്ടന്‍മാര്‍ അതില്‍ കയറാന്‍ വിളിക്കാറുണ്ട്‌.. പക്ഷേ, അന്ന് നീന്താന്‍ അറിയില്ലായിരുന്നു... എങ്ങാനും കയറു പൊട്ടി വീണാല്‍, ഇവര്‍ക്ക് പിടിക്കാനായില്ലേല്‍, പിന്നെ അറബികടലിലെത്തും...(ധൈര്യമില്ലായിരുന്നു എന്നു പറയുന്നില്ല തല്‍ക്കാലം..) അതു കൊണ്ട്‌ ഇതു വരെ അതില്‍ കയറിയിട്ടില്ല... ഒരു നഷ്ടബോധമായി അത് ഇപ്പോഴും മനസ്സില്‍ കിടക്കുന്നുമുണ്ട്‌...

സ്കൂളോര്‍മ്മകള്‍ കുറച്ചു കൂടി രസമാണ്‌..... ചില മഴക്കാല രാവിലെകള്‍ മനസ്സില്‍ പെയ്യാറുള്ളത്‌ മടി കൂടിയാണ്‌ !! എണീക്കാന്‍ മടി, കുളിക്കാന്‍ മടി, സ്കൂളില്‍ പോവാന്‍ മടി... എന്നാലും പോവുമ്പോള്‍ എവിടെയൊക്കെ വെള്ളം കെട്ടി നില്‍ക്കുന്നുണ്ടോ അവിടെയൊക്കെ കാലു കഴുകുമായിരുന്നു.. ചുമ്മാ ഒരു രസത്തിന്‌.... വെള്ളം ഒഴുകുന്ന എല്ലാ ചാലുകളും, കുളങ്ങളും പോയി നോക്കുമായിരുന്നു.... എന്നിട്ടും 10 മിനിറ്റ് കൊണ്ട് എത്താവുന്ന ദൂരം 30 മിനിറ്റ് കൊണ്ട് എത്തുമായിരുന്നു... സ്കൂളില്‍ എത്തിയാല്‍ കുടകളുടെ ബഹളമാണ്‌ ! ഇന്നത്തെ കുട്ടികളേ പോലെ, അന്ന്‌ എല്ലാ വര്‍ഷവും കുടയൊന്നും വാങ്ങില്ല... നല്ല പുതിയ കുടകള്‍ കാണുമ്പോള്‍ ചിലപ്പോള്‍ അസൂയ തോന്നും ...ഈ കുടയിലൊക്കെ എന്തു കാര്യം എന്ന മട്ടില്‍ പിന്നെ അതൊന്നും മൈന്‍ഡ് ചെയ്യാത്ത പോലെ ഇരിക്കും ...മഴ പെയ്യാന്‍ പോവുകയാണെങ്കില്‍ സ്‌കൂള്‍ നേരത്തെ വിടും... പിന്നെ ഒരു ഓട്ടമാണ്‌! വേഗം വീട്ടില്‍ എത്താന്‍... വീടിനു പുറത്ത് അച്ചമ്മ കാത്തു നില്‍ക്കുന്നുണ്ടാവും ഞങ്ങള്‍ വരുന്ന വരെ മഴയോട്‌ മാറി നില്‍ക്കാന്‍ പറഞ്ഞ്....

ഇന്നത്തെ മഴ!! ഇല്ല... ഇന്നത്തെ മഴയ്ക്കത്ര ഭംഗി ഇല്ല... അല്ലെങ്കില്‍ മനസ്സും കാലം വളര്‍ന്നപ്പോള്‍ മഴയെ ആസ്വദിക്കുന്ന രീതി മാറിയാതിനാലാവാം.... ഇന്നും നാട്ടില്‍ പോവുമ്പോള്‍, മഴയത്ത് കുടയില്ലാതെ ഓടുന്ന, മഴവെള്ളം ചവിട്ടി തെറുപ്പിച്ച് നടക്കുന്ന കുട്ടികളേ കാണുമ്പോള്‍ ശരിക്കും അസൂയ തോന്നും..ഇനി ഞാന്‍ അതു പോലെയൊക്കെ ചെയ്താല്‍ എനിക്ക് വട്ടാണെന്നു പറയില്ലെ... എന്നലും ശ്രമിക്കാറുണ്ട് കേട്ടോ... നമ്മുടെ സ്വകാര്യമായ സന്തോഷങ്ങള്‍ എന്തിന്‌ വേണ്ട എന്നു വെക്കണം ????!!

ഇത്തവണ ഞങ്ങടെ പാടത്ത് വെള്ളം കയറി... തോണി വന്നു... നിള കര കവിഞ്ഞൊഴുകി, തന്റെ അതിര്‍ വരമ്പുകള്‍ പുതുക്കി.... സ്കൂളുകള്‍ക്ക് ഒഴിവു പറഞ്ഞു....

ഞാന്‍ വളരെ ദൂരെയാണ്‌ !!! വളരെ വളരെ... ഇനി എത്തുമ്പോഴേക്കും എല്ലാം കഴിഞ്ഞിട്ടുണ്ടാവും..... മഴ അടങ്ങിയിട്ടുണ്ടാവും.... കടലിടികള്‍ മുഴങ്ങുന്നുണ്ടാവില്ല....

എന്നാലും എനിക്കു കാണാനാവും... അങ്ങ് ദൂരെ, മഴമേഘങ്ങള്‍ മണ്ണിലേക്കിറങ്ങുന്ന ഒരു പ്രഭാതത്തില്‍, മിക്കിയും മിന്നിയും നിറഞ്ഞു നില്‍ക്കുന്ന ഒരു പുള്ളിക്കുടയ്ക്കു കീഴെ, കയ്യിലെ കടലാസു തോണികള്‍ മുറുകെ പിടിച്ച്, മഴ വരുന്നതും കാത്തിരിക്കുന്ന ഒരു പെണ്‍കുട്ടിയെ.... !!!

Wednesday, July 22, 2009

ചുവപ്പ്‌



എന്റെ കൊടിയുടെ നിറം ചുവപ്പായിരുന്നു
എന്റെ ചോരയുടെയും..
ഞാന്‍ പിച്ച വച്ചു നടക്കുന്ന കാലത്തെ
ജാഥയില്‍ ഒരു പിന്നാളായ് നിന്നു
അര്‍ത്ഥമറിയാതെ ഞാനെന്തൊക്കെയൊ ഏറ്റു ചൊല്ലി
ആരൊക്കെയൊ വേദിയില്‍ പ്രസംഗിക്കുമ്പോള്‍
ഞാനെന്റെ കൊടിയില്‍ മുഖം തുടച്ചു…
വിപ്ലവം,ബൂര്‍ഷ്വ, സമത്വം
എനിക്കൊന്നും മനസ്സിലായില്ല
മനുഷ്യ ചങ്ങലകളില്‍ പൊട്ടാതൊരു കണ്ണിയായ് നിന്നു
ഒരു പാടു നടന്നപ്പോള്‍ ആരോ എനിക്കു വെള്ളം തന്നു
അതിന്റെ നിറം ഞാന്‍ നോക്കിയില്ല
കാലൊന്നു വേച്ചപ്പോള്‍ കൈ തന്ന ആരോ പറഞ്ഞു
“ഇന്‍ക്വിലാബ് സിന്ദാബാദ്”.
പിന്നെ ഞാന്‍ വളര്‍ന്നപ്പോള്‍
ഈ ചുവപ്പു എന്റെ ഹൃത്തില്‍ പടര്‍ന്നു
ഞാന്‍ എന്തൊക്കെയൊ വായിച്ചു…
എന്തൊക്കെയൊ മനസ്സിലാക്കി,
ഈ കൊടിയുടെ ചുവപ്പു എന്റെ ആവേശമായി..
ഞാന്‍ പാര്‍ട്ടിക്കാരിയായി..
ഒരു വലിയ പാര്‍ട്ടിയുടെ, ഒരു ചെറിയ അണി…
സമൂഹം കാണാത്തവരുമായ് ഞാന്‍ ഇടപെട്ടു..
മേധാവിത്തങ്ങള്‍ക്കെതിരെ ഞങ്ങള്‍ പോരാടി..
വയലാറും കയ്യൂരും ഉണ്ടായി…

ഇടക്കിടെ വരുന്ന ഇലക്ഷനില്‍ മാത്രമായ്
എത്തുന്നവരോടു എനിക്കു പുച്ഛമായിരുന്നു
കാരണം ഈ ചുവപ്പു എന്റെ പ്രിയപ്പെട്ടതാണ്
ഒരു വേനല്‍ കാലത്തു ഞാനും മത്സരിച്ചു
ചൂടു മറന്നു ഞാന്‍ വോട്ടു ചോദിച്ചു
ഞാന്‍ ജയിച്ചപ്പോള്‍, എനിക്കെന്തൊ മടുത്തു
ഈ ചുവപ്പിനെ പലരും അപമാനിക്കുന്നു
ഇതു കാണാന്‍ എനിക്കെങ്ങിനെ കഴിയും?
നിറം നോക്കി വോട്ടു ചെയ്തവര്‍
നിറം മാത്രം നോക്കി
മനുഷ്യനെ നോക്കി വോട്ടു ചോദിച്ച ഞാന്‍,
ഞാന്‍, തനിച്ചായി..
അവഗണിക്കപ്പെടുന്നവര്‍ക്കായ് ഞാന്‍ പട വെട്ടി
ഒടുവില്‍ എന്റെ ഹൃത്തില്‍ നിന്നും ചുവപ്പു
പുറത്തേക്കൊഴുകി, ചോരയായി
പക്ഷെ എന്റെ ആത്മാവിനു നിറം പകരാന്‍
ഒരു ചുവന്ന കൊടി എന്റെ മുഖത്തു പാറി വീണു..
ജീവനറ്റ എന്റെ മുഖത്തു…
ഒരോ വര്‍ഷവും ആരൊക്കെയൊ എന്റെ ബലികുടീരത്തില്‍
പൂക്കള്‍ അര്‍പ്പിച്ചു..ചുവന്ന പൂക്കള്‍…
ഒടുവില്‍ ഞാന്‍ ചുവപ്പു മാത്രമായ്…
രക്തസാക്ഷിയെന്ന ഒരു പദം മാത്രമായി…

Tuesday, July 14, 2009

സീത

ഇനിയുമെങ്ങിനെ കഴിയുമീ രാമന്
മാപ്പ് നല്കുവാന്‍ നിനക്കു മൈഥിലീ
ഉത്തമനാണു നിന്‍ രാമനെന്നു ജനം
വിധിച്ചിടുന്നു, യുഗത്തിലും..
പുഷ്പവീഥികള്‍ മാത്രം കണ്ട നീ
വിപിന പാതയില്‍ കാലിടറിയോ?
പരീക്ഷിച്ചവന്‍ നിന്റെ പാതിവ്രത്യവും
സംശയിച്ചില്ലെ ഒന്നിലേറെയും
തുടിച്ചിടുന്ന രണ്ടു ജീവനും പേറി
കയറി അന്നൊരു കാട്ടിലേക്കു നീ..
ഒരിക്കല്‍ പോലും നീ പരിഭവിച്ചില്ല?..
തിരിച്ചു ചോദ്യങ്ങള്‍ ചോദിച്ചുമില്ല..
പത്തു പേര്‍ ചൊല്ലില്‍, ഉപേക്ഷിക്കുവാനായോ?
മറുത്തു നീ എന്തേ ഒന്നും പറഞ്ഞില്ല?
സ്‌നേഹം ആഗ്രഹിച്ചീടുന്ന നേരത്ത്,
രാമന്‍ നിന്നെ തനിച്ചു വിട്ടതും..
ഇനിയുമെങ്ങിനെ കഴിയുമീ രാമന്
മാപ്പ് നല്കുവാന്‍ നിനക്കു മൈഥിലീ…?
എന്തു ഞങ്ങളീ പുതിയ തലമുറ
പഠിക്കണം നിന്റെ ജീവിതത്തില്‍ നിന്നും
ജീവിതം വെറും സഹനം മാത്രമോ?
നിഴലു മാത്രമോ ഭാര്യയെന്നവള്‍?
അവള്‍ക്കു ചോദ്യങ്ങള്‍ ഒന്നുമേ ഇല്ലെ?
അവന്റെ ലോകമോ അവള്‍ക്കു പിന്നീട്..
ആഗ്രഹങ്ങളും തന്റെ ലോകവും
മറന്നു വേണമോ ഭാര്യയായിടാന്‍
പറഞ്ഞു നല്കണം നിങ്ങള്‍ പൂര്‍വ്വികര്‍
മാതൃകജനമെന്നു ഞങ്ങള്‍ കേട്ടവര്‍..

Wednesday, July 08, 2009

നീ മഴയായൊന്നു പെയ്യാമോ???

നീ മഴയായൊന്നു പെയ്യാമോ???
എനിക്കൊന്നു നനയണം….
എന്റെ കണ്ണീര്‍ ഈ മഴതുള്ളികളില്‍ കുതിരാനായ്‌
തിളക്കുന്ന ചില മോഹങ്ങള്‍ അണക്കാനായി,
നീ എന്ന പ്രണയം ഉള്‍ക്കൊള്ളാനായി…
ഒന്നു പെയ്യാമോ…?
കാത്തു നിന്നിട്ടും വരാത്ത നീ, എവിടെയോ
മുകില്‍ കാണിച്ചു കൊതിപ്പിക്കുന്നു..
നീ വരുമെന്നു പറയുന്നതു പോലും,
മഴക്കു മുന്‍പിലെ കുളിര്‍ക്കാറ്റു പോലെ..
നീ എന്നെ കൈവിരലുകളാല്‍ മീട്ടുമ്പോള്‍,
തരളിതമായ പുഴയിലേക്കു നീളുന്ന മഴവിരലുകള്‍ പോലെ..
മഴയില്‍ കുതിരുന്ന മണ്ണിന്‍ നിന്റെ മണമാണോ??!!
ഹൃദയത്തിലെവിടേക്കോ ഇറങ്ങി, ചൂടു പിടിപ്പിക്കുന്ന ഗന്ധം!
ഈ മഴയിലായിരുന്നു നിന്റെ കുസൃതിക്കണ്ണുകള്‍ ഞാനാദ്യമായ് കണ്ടത്..
ആദ്യമായി എന്റെ കൈ പിടിച്ചപ്പോള്‍ ചിരിച്ചു വീണുടഞ്ഞ,
വളപ്പൊട്ടുകള്‍ മഴവെള്ളത്തില്‍ വര്‍ണ്ണങ്ങള്‍ ചാലിച്ചപ്പോള്‍,
മഴ പറഞ്ഞത്,
പ്രണയത്തിന്‍ ആയിരം വര്‍ണ്ണങ്ങളുണ്ടെന്നായിരുന്നോ?
മഴയുടെ രുചി പക്ഷേ ചിലപ്പൊഴൊക്കെ എന്റെ കണ്ണീരിന്റേതാണു,
തീര്‍ന്നു പോയ ഉപ്പിന്റെ എന്തോ ഒരു രസം പോലെ…
പക്ഷേ പ്രണയത്തിന്റെ ചാറ്റല്‍ മഴ നുണയാത്ത ഞാന്‍
കാത്തിരിക്കുന്നത്,
നീ എന്ന പേമാരിയില്‍ അലിഞ്ഞു തീരാനാണ്!!
നീ മഴയായി പെയ്യുന്നതും കാത്ത്….
വിരസമായ ഈ മഴ നനഞ്ഞ്….