Thursday, September 15, 2011

അറിയുക നീ ...

അറിയുക നീ ഇനിയെങ്കിലും…
അറിയുക നീയെന്റെ പ്രണയമെന്ന്,
അറിയുക ഞാന്‍ നിന്റെ സ്വന്തമെന്നും,
ഉടല്‍ പുണരുന്നൊരു മഴയായി നിന്നില്‍ -
പൊഴിയുന്നതെന്റെ കണ്ണീരെന്നും,
അറിയുക നീ ഇനിയെങ്കിലും…
നിന്നെ മൂടിയൊതുക്കിയ, മേഘങ്ങളില്‍,
നീ കണ്ട കറുപ്പു മറക്കുക,
പകരം, ഞാനെന്നൊരീ നിറമാര്‍ന്ന
വര്‍ണ്ണരാജിയെ തന്നോടു
ചേര്‍ക്കുക..
ആയിരം വസന്തമൊരുക്കാനെനിക്കാവില്ലയെന്നാല്‍
നിന്റെ കണ്ണീരൊണക്കാന്‍, ഒരു കുഞ്ഞു സൂര്യനായ്‌
സ്വയം അലിഞ്ഞുരുകാനെനിക്കായിടും…
തൊലിയുരിയാന്‍ വെമ്പുന്ന നിന്റെ സര്‍പ്പങ്ങളെ,
എന്നിലേയ്ക്കയക്കുക…
അവയുടെ ദാഹം തീര്‍ക്കാനെന്റെ ജീവരക്തം ഞാന്‍ പകരം നല്‍കാം
നിന്റെ ചവിട്ടേറ്റു പിടയുന്നൊരു നിന്‍ നിഴലായി,
വടിച്ചു മാറ്റുന്ന
വിയര്‍പ്പായി,
നിന്റെ തണലായി,
നീയറിയാതെ, ഞാനൊപ്പമുണ്ടെന്നറിക…
അറിയുക നീ ഇനിയെങ്കിലും….
നിന്റെ മനോനീഢത്തിലേക്കിറങ്ങി വന്ന,
ചിറകൊടിഞ്ഞ പക്ഷിയാണു ഞാന്‍,
എന്നെ നിന്റെ തടവിലാക്കുക,
അവിടെ,
പൂത്തുലഞ്ഞ മരമായിയെന്റെ പ്രണയവും,
ഒരിക്കലും മടങ്ങാത്ത വണ്ടായി നീയും
സ്വയം മറന്നൊന്നു ചേരട്ടെ,
എന്റെ ഹൃദയമിടിപ്പുകള്‍ ഞാനീ വിണ്ണില്‍
വിതറുന്നു,
നക്ഷത്രങ്ങളായവ പുനര്‍ജ്ജനിക്കട്ടെ,
അതണയും വരെ, എനിക്ക് നിന്നെ കണ്ടു കൊണ്ടിരിക്കാമല്ലോ!
ഇതെന്റെ ഹൃദയമാണെന്നറിക,
ഒതുക്കി ഞാന്‍ വച്ചൊരെന്റെ വികാരങ്ങളുടെ,
ചിറകിലേറ്റി, ഞാനയക്കുന്നു നിന്നിലേക്ക്
നിനക്കതേറ്റു കൊള്ളാം; ഇല്ലെങ്കിലും,
അതു നിന്നിലേക്കലിയുമെന്നതും അറിക നീ…
നീ ശ്വസിക്കുന്ന കാറ്റിലും, കുടിക്കുന്ന നീരിലും,
മണക്കുന്ന പൂവിലും,
കേള്‍ക്കുന്ന പാട്ടിലും
അതു പിറക്കുമെന്നും, അറിക നീ…
എന്റെ തുടക്കവും ഒടുക്കവും,
നിന്നിലെന്നും
അറിയുക നീ ഇനിയെങ്കിലും,
വെറുതെ അറിയുക നീ ഇനിയെങ്കിലും…

Wednesday, September 07, 2011

ഇനി മടങ്ങട്ടെ ... !


ഒളിച്ചു കളിക്കായാണെന്റെ കവിതയിപ്പോള്‍,
പിടി തരാതെ, തൂലികത്തുമ്പു തുരുമ്പിച്ചു...!
ഒഴിക്കാനൊരു തുള്ളി മഷിയില്ലയിന്നെന്നില്‍,
ചുടു ചോര പോലും വെറും വെള്ളമായ് മാറുന്നു..
വലിയൊരു കാന്‍വാസു പോലെയീ ജീവിതം
വെളുക്കെ ചിരിച്ചെന്റെ മുന്നില്‍ കിടക്കുന്നു...
ചായ്യവേ ഇത്തിരി വെമ്പലോടെങ്കിലും,
കുതറി മാറീടുന്നു, ചുമരുകള്‍ ചുറ്റിലും !!
തനിയെയാവുന്നതിന്‍ വേദന, ഇരുളിന്റെ പേടിയില്‍
പതിയെ അലിഞ്ഞുതിര്‍ന്നീടുന്നു..
പടിവാതില്‍ ചാരി പതിയെ നടക്കുമ്പോള്‍
പറയാത്ത വാക്കുകള്‍ കാലടി തടുക്കുന്നു...
വെറുതെയീ നിനവിലൊരായിരം താരങ്ങള്‍
പതിയെ പതിയെ തിരി താഴ്ത്തി മയങ്ങുന്നു
മനസ്സിന്റെ അറിയാത്ത വേദിയിലെങ്ങാണ്ടോ,
കെട്ടിയാടുന്നുണ്ട് കോലങ്ങള്‍ !! ഒന്നുമറിയാതെ...
സദസ്സ് നിശബ്ദമായ് നെടുവീര്‍പ്പു തീര്‍ക്കുമ്പോള്‍
വേദിയില്‍ വേഷങ്ങള്‍ നിശ്ചേതരാവുന്നു...
ഇനി മടങ്ങട്ടെ ചിരിക്കാത്തൊരായിരം
മുഖങ്ങളില്‍ ഭാവങ്ങള്‍ തേടുന്നതും നിര്‍ത്തി..

കവിത തൂവാതെ ചുണ്ടുകള്‍ പിടയുന്നു,
കവിത മരിക്കയണാവോ എന്നിലിപ്പോള്‍... !!

ഇനി മടങ്ങട്ടെ പാഥേയമില്ലാതെ,
തല ചായ്ക്കാന്‍ മരത്തണലേതുമില്ലാതെ...!
ഇനി മടങ്ങട്ടെ ... !