Monday, March 14, 2011

ഒരു തീവണ്ടിയുടെ ഓര്‍മ്മക്ക് .....

ഒരു തീവണ്ടിയുടെ ചൂളം വിളിയോ, പുകയുയര്‍ത്തി കടന്നു പോവുന്ന ഒരു തീവണ്ടിയുടെ വാങ്മയ ചിത്രമോ ഇല്ലാതെ, ഒരു നൊസ്റ്റാള്‍ജിയ മലയാളികള്‍ക്കുണ്ടാകുമോ എന്നറിയില്ല... എന്തു തന്നെ ആയാലും എന്റെ ഗൃഹാതുരമായ ഓര്‍മ്മകള്‍ക്ക് ഒരു തീവണ്ടിയുടെ നിറവും, ശബ്‌ദവും എല്ലാം ഉണ്ട് ... ഒരു പക്ഷേ, ഒരു തീവണ്ടിപ്പാതയെ ആശ്രയിക്കുന്ന ഒരു വലിയ ജന വിഭാഗത്തെ പ്രതിനിധീകരിക്കുന്നതു കൊണ്ടാവാം അത്....

പറഞ്ഞു വന്നത്, ഈ മാര്‍ച്ച് 12 നു നമ്മള്‍ അധികം പേരൊന്നും അറിയാതെ ഒരു ദിനം കടന്നു പോയി .... കേരളത്തില്‍ റെയില്‍വേ ആരംഭിച്ചിട്ട്, 150 വര്‍ഷങ്ങള്‍ ....അതായത്, മാര്‍ച്ച് 12,1861 -ല്‍ ആയിരുന്നു നമ്മള്‍ മലയാളികള്‍ ആദ്യമായി, ഒരു ചൂളം വിളി കേട്ടത് ... ആദ്യത്തെ റെയില്‍പ്പാത, വാണിജ്യാവശ്യം ബ്രിട്ടീഷുകാര്‍(Madras Railway Company) ബേപ്പൂരില്‍ നിന്നും തിരൂര്‍ വരെ ഓടിച്ചു ... അതായത് 30.6 KM ​ദൂരം

കേരളത്തിലെ രണ്ടാമത്തെ റെയില്‍പ്പാത തിരൂരിനും കുറ്റിപ്പുറത്തിനും ഇടയിലായിരുന്നു .. 1861 മെയ് മാസം 1 നു ..

ഞങ്ങളുടെ നാട്ടിലൂടെ തീവണ്ട് ഓടിയത് എന്നാണെന്നറിയോ ???? 1862 ഏപ്രില്‍ 14ന്‌ ... കേരള റെയില്‍വേയുടെ മൂന്നാം ഘട്ടമായിരുന്നു അത് ... 105 KM ദൂരമുള്ള, പട്ടാമ്പി-പോതനൂര്‍ പാതയായിരുന്നു അത്... ഇതിനോടൊപ്പം തന്നെ, 3 ഇടയില്‍ പള്ളിപ്പുറം സ്ടേഷന്‍ നിര്‍മ്മിച്ച് ഒരു പാത കൂടി നിര്‍മ്മിക്കപ്പെട്ടു ... 37KM ദൂരമുള്ള, കുറ്റിപ്പുറം - പട്ടാമ്പി പാതയും... 1862 സെപ്റ്റമ്പര്‍ 23നു ...

അപ്പുണ്ണിയും സേതുവും എല്ലാം ഇറങ്ങിയ, ഒരു റെയില്‍വേ സ്റ്റേഷന്റെ ചരിത്രം അവിടെ ആരംഭിക്കുകയായിരുന്നു .... ഇപ്പോഴും കരിയന്നൂര്‍ പാലത്തിനു മുകളിലൂടെ പോകുന്ന ഓരോ തീവണ്ടിയും ഞങ്ങള്‍ പള്ളിപ്പുറംകാരെ, നിളയുടേയും തൂതയുടെയും സംഗമസ്ഥനത്തു നിന്നും ഒരു ഉയിര്‍ത്തു പാട്ടു കേള്‍പ്പിക്കുന്നു .....

നിങ്ങളും കേട്ടിട്ടുണ്ടാവില്ലേ, ഉറക്കം വരാത്ത രാത്രികളില്‍,പുറത്ത് മഴത്തുള്ളികളുടെ ശബ്ദത്തിനൊത്ത് ഇരമ്പുന്ന ഒരു തീവണ്ടിയുടെ കൂവല്‍ ....