Friday, October 28, 2011

കൊടിക്കുന്ന് ഭഗവതി ക്ഷേത്രം

                 ഇതൊരു യാത്ര വിവരണം അല്ല... കാരണം ഒരു യാത്രക്കൊടുവില്‍ ഞാന്‍ എത്തിച്ചേര്‍ന്ന ഒരു സ്ഥലമല്ല കൊടിക്കുന്ന് .. എന്റെ ജീവിതവുമായി വളരെയധികം ബന്ധപ്പെട്ടു കിടക്കുന്ന, അല്ലെങ്കില്‍ അതിന്റെ തന്നെ ഒരു ഭാഗമായ ഒരു സ്ഥലം എന്നതിനപ്പുറം, എവിടെക്കൊയോ ഒരു ആത്മബന്ധം ഈ സ്ഥലങ്ങളുമായി എനിക്കുണ്ടായിരുന്നിരിക്കണം...കൊടിക്കുന്ന് ഭഗവതി ക്ഷേത്രത്തെ കുറിച്ചാണ്‌ പറയാന്‍ പോകുനന്ത്... ക്ഷേത്രം സ്ഥിതി ചെയ്യുന്നത്, പാലക്കാട് ജില്ലയിലെ, പട്ടാമ്പിക്കടുത്ത പരുതൂര്‍ പഞ്ചായത്തിലെ, പള്ളിപ്പുറത്താണ്‌ ..

അപ്പോള്‍ ഞാനിറങ്ങട്ടെ, അമ്പലത്തിലേക്ക്....

എന്റെ വീട്ടില്‍ നിന്നും ഒരു 2 കി.മി ദൂരം ഉള്ളതു കൊണ്ടാവണം (അതും നടന്നല്ലാതെ വേറെ ഒരു വഴിയും ഇല്ല പോവാന്‍ എന്നതിനാലും ) കൊടിക്കുന്നിലേക്ക് പോക്ക് വിരളമായിരുന്നു..ഇപ്പോഴും.. എങ്കിലും വിരളമായിക്കൊണ്ടിരിക്കുന്ന, ആല്‍ത്തറകളും, അമ്പലക്കുളങ്ങളും ഒരു പക്ഷേ nostalgia ഉണര്‍ത്തുന്നതു കൊണ്ടാവാം ഇടക്കെങ്കിലും ആ വഴിയെ പോവാറുണ്ടിപ്പോഴും ... കൊടിക്കുന്ന് അമ്പലം സ്ഥിതി ചെയ്യുന്നത് ഒരു ചെറിയ കുന്നിന്റെ മുകളിലാണ്‌ .. കോടി കുന്നാണത്രേ പില്‍ക്കാലത്ത് കൊടിക്കുന്നായി മാറിയത്. കുന്നിന്‍ മുകളിലേ അമ്മയെ കാണാന്‍ ചവിട്ടികയറേണ്ടത് അസംഖ്യം പടികളാണ്‌ .. പടിക്കെട്ടുകള്‍ മിക്കവാറും പൊട്ടിപ്പോളിഞ്ഞിരിക്കുന്ന അവസ്ഥയിലാണെങ്കിലും, മുകളില്‍ കാണാവുന്ന, ആലിലകളുടെ നേര്‍ത്ത സംഗീതം ആസ്വദിച്ചു നടന്നാല്‍ ക്ഷീണം അനുഭവപ്പെടുകയേയില്ല...എന്നാല്‍ നമുക്ക് വടക്കേ നടയിലൂടെ തന്നെ കയറാം, കാരണമ്, ഒരു പ്രശക്ത വ്യക്തിയുടെ ഓര്‍മ്മകളുറങ്ങുന്ന മണ്ണാണിത്.. അമ്പലക്കുളവും പടിക്കെട്ടുകളും പിന്നിട്ട് കയറുമ്പോള്‍ അമ്പലമതില്ക്കെട്ടിന്റെ തൊട്ടു തന്നെയുള്ള ഈ ഗൃഹത്തിലാണ്‌, സംസ്കൃതത്തെ മലയാളിയുടെ നെഞ്ചോടു ചേര്‍ത്ത പുന്നശ്ശേരി നമ്പിയുടെ ശിഷ്യനും എഴുത്തച്ഛന്‍ പുരസ്കാര ജേതാവുമായ ശ്രീ കെ. പി നാരായണ പിഷാരടിയുടെ ജന്മ ഗൃഹം... വടക്കേ നടയില്‍ ആദ്യം കാണുന്ന ഉപദേവത ക്ഷേത്ര പാലകനാണ്‌ ... (സത്യം പറയുകയാണെങ്കില്‍ ഒരായിരം തവണ പോയിട്ടുണ്ടെങ്കിലും കത്തുന്ന വിളക്കല്ലാതെ ഒരു വിഗ്രഹവും എനിക്കവിടെ കാണാന്‍ കഴിഞ്ഞിട്ടില്ല..).. വടക്കേ നടയില്‍ നിന്നും പുറത്തുകൂടി ഒന്നു ചുറ്റി കിഴക്കേ നടയിലെത്തി ഉള്ളിലേക്കു കയറുമ്പോള്‍ ആദ്യം കാണാവുന്നത് ശിവ പ്രതിഷ്ഠയാണ്‌ ... പ്രധാന ദേവതയായ ഭഗവതി(ദുര്‍ഗ്ഗ) വലതു വശത്ത് ശിവനും, ഇടതു വശത്തു കുറച്ച് മുന്നിലായി ഗണപതിയും നില കൊള്ളുന്നു.. ക്ഷേത്രത്തിലെ പ്രധാന വഴിപാട്, പട്ടു ചാര്‍ത്തല്‍, താലി ചാര്‍ത്തല്‍, ചെമ്പരത്തി മാല എന്നിവയാണ്‌  ... വസൂരിയും മറ്റ് പകര്‍ച്ച വ്യാധികളും വാണിരുന്ന ഒരു കാലത്ത്, ഇവിടെ നേര്‍ന്ന ഒരു വഴിപാടും വെറുതെയായിട്ടില്ല എന്നു വിശ്വസിക്കുന്ന ഒരു വലിയ ജന വിഭാഗം ഇന്നും ഇവിടെയുണ്ട് ... ഇന്നും ഏതസുഖം വന്നാലും ഒരു രൂപ ഭഗവതിക്കുഴിഞ്ഞു വയ്ക്കുന്ന പതിവും ഇവിടുത്തുകാര്‍ക്കുണ്ട് ... പുറത്തിറങ്ങിയാല്‍ ക്ഷേത്രത്തിന്റെ തെക്കേ നടയിലായി, എല്ലാ കാലത്തും പൂത്തു നില്‍ക്കുന്ന(ഒരു പൂവിതളെങ്കിലും കാണത്ത അവസരങ്ങളുണ്ടായിട്ടില്ല )ഒരു കൊന്നമരമുണ്ട്... ഇതാണ്‌ ശ്രീ മൂലസ്ഥാനം.. അമ്മ ആദ്യം വന്നിരുന്നത് ഇവിടെയായിരുന്നത്രേ ...

ഐതിഹ്യങ്ങള്‍ :


തെക്കേനടയില്ല ഈ ക്ഷേത്രത്തിനെന്നാദ്യമേ സൂചിപ്പിച്ചിരുന്നല്ലോ! അതിനെ കുറിച്ചൊരു കഥയുണ്ട്... അതിനായി ഒരു ദേവിയെ കൂടി പരിചയപ്പെടുത്തേണ്ടിരിക്കുന്നു... മുത്തശ്ശിയാര്‍ക്കാവിലമ്മയെ... പാലക്കാടു ജില്ലയില്‍ കൂത്തു താലപ്പൊലി നടക്കുന്ന അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണ്‌ ഇവിടെ നിന്നും ഒരു 6-7 കിലോമീറ്ററുകള്‍ക്കുള്ളില്‍ സ്ഥിതി ചെയ്യുന്ന മുത്തശ്ശിയാര്‍ക്കാവ്.. ഈ അമ്മക്ക് 3 മക്കളാണത്രേ ... അതില്‍ മൂത്ത ആളാണ്‌ കൊടിക്കുന്നിലമ്മ... ഒരു ദിവസം ഇവര്‍ നാലു പേരും കൂടി ഒരു യാത്ര പോവുകയായിരുന്നു...അപ്പോള്‍ തൂതപ്പുഴയില്‍  ഹരിജനങ്ങളുടെ കളി കണ്ടു നിന്നത്റേ ഒരു ദേവി... പോവാന്‍ നേരമായിട്ടും വരാതിരുന്ന ദേവിയെ അമ്മ കല്‍പ്പിച്ച് അവരുടെ ദേവിയാക്കിയെന്നു ... ഈ ദേവിയാണ്‌ കണക്കര്‍ക്കാവിലമ്മ.. മലപ്പുറം ജില്ലയില്‍ തൂതപ്പുഴയോരത്ത് ഇരുമ്പിളിയത്താണ്‌ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ... ഇവിടുത്തെ വിഷു വേല, ഈ രണ്ടു ജില്ലക്കാരും വളരെ ആഘോഷമായി ഇന്നും കൊണ്ടാടുന്നു .... ഇതു പോലെ മറ്റൊരു ഐതിഹ്യം കൂടി നിലവിലുണ്ട്, മറ്റൊരു യാത്ര വേളയില്‍  വഴിയില്‍ ഒരു മൃഗബലി നടക്കുന്നതു കണ്ട് രണ്ടാമത്തെ ആള്‍ നോക്കി നിന്നത്രേ... ഇതിന്റെ പേരില്‍ കൊടിക്കുന്നിലമ്മയും ആ ദേവിയും കൂടി വഴക്കായി.. ഒടുവില്‍ ഇനി നിന്നെ ഒരിക്കലും കാണണ്ട എന്നു പറഞ്ഞ് അവര്‍ സഹോദരിമാര്‍ പിരിഞ്ഞുവെന്നുമാണ്‌ കഥ ... ആ ദേവിയാണ്‌ കൊടുങ്ങല്ലൂരമ്മ.. ഇപ്പോഴും കണക്കര്‍ക്കാവിലും കൊടിക്കുന്നത്തും തെക്കേ നടവാതില്‍ കൊട്ടിയടച്ച നിലയിലാണ്‌ ... കുളവുമില്ല... കൂടാതെ കൊടിക്കുന്നിലമ്മ ഒരു നിര്‍ദ്ദേശവും ദേശക്കാര്‍ക്കു നല്‍കിയിട്ടുണ്ട്.. അമ്മയെ വിശ്വസിക്കുന്ന ആരും കൊടുങ്ങല്ലൂരു പോവാനും പാടില്ല എന്നും...

മേളത്തോള്‍ അഗ്നിഹോത്രിയുടെ യാഗങ്ങളേ കുറിച്ചു കേട്ടിട്ടില്ലേ ... ഒരിക്കല്‍ കാവേരി നദിയില്‍ ഒരു വമ്പന്‍ ചുഴി പ്രത്യക്ഷപ്പെട്ടത്രേ...അഗ്നിഹോത്രിക്കു മാത്രമെ ഇതിനൊരു പരിഹാരം കാണാനാവൂ എന്നു, നദീതീരത്തുള്ള ഒരു അമ്മ്യാര്‍ പെണ്‍കുട്ടിക്ക് ഒരു സ്വപ്ന ദര്‍ശനം ഉണ്ടായി.. അങ്ങനേ അവിടെയെത്തിയ അഗ്നിഹോത്രി നദിയിലേക്ക് ഇറങ്ങി ചെന്നുവെന്നാണ്‌ കഥ... മൂന്നാം ദിവസം അദ്ധേഹം കയ്യില്‍ 3 ശൂലങ്ങളുമായി എണീറ്റു വന്നുവെന്ന്‌ ... അതിലെ സ്വര്‍ണ്ണം കൊണ്ടുള്ളത് സ്വന്തം ഇല്ലത്തും(വേമന്ചേരി), വെള്ളി കൊണ്ടുള്ളത് വെള്ളിയാങ്കല്ലും, ചെമ്പു കൊണ്ടുള്ളത് കൊടിക്കുന്നത്തും സ്ഥാപിച്ചെന്നാണ്‌ ഇവിടെ നിലവിലുള്ള മറ്റൊരുകഥ...

എന്റെ അമ്മ പറഞ്ഞ മറ്റൊരു കഥയുണ്ട്: പണ്ട് എന്റെ അമ്മയുടെ കുടുംബത്തില്പെട്ട ഒരു സ്ത്രീയ്ക്ക് ഗന്ധര്‍വന്റെ ബാധ ഉണ്ടായി.അവസാനം വലിയൊരു താന്ത്രികനെ കൊണ്ടു വന്ന് അവര്‍ ആ ബാധ ഒഴിപ്പിച്ചു.താന്‍ ഒഴിഞ്ഞുപോയി എന്നതിനു തെളിവായി വടക്കെ നടയിലെ ആല്‍ മരത്തിലെ ഒരു കൊമ്പ് ഒടിഞ്ഞ് വീണിട്ടുണ്ട് എന്നും ഗന്ധര്‍വ്വന്‍ പറഞ്ഞത്രേ.അതനുസരിച്ച് വീട്ടുകാര്‍ പോയി നോക്കിയപ്പോള്‍ ആല്‍ക്കൊമ്പ് ഒടിഞ്ഞു വീണതായി കാണപ്പെട്ടുവെന്നാണ്‌ കഥ.

ഉത്സവങ്ങള്‍:


സധാരണ ഭഗവതി ക്ഷേത്രങ്ങളുടെ പൊതുവെയുള്ള പ്രത്യേകത, പ്രതിഷ്ഠാ ദിനം പൂരത്തിനായിരിക്കും, അന്നാവും ഉത്സവം എന്നതാണ്.. എന്നാല്‍ കൊടിക്കുന്നത്തെ പ്രതിഷ്ടാ ദിന ഉത്സവം അറിയപ്പെടുന്നത് പൂരം പടഹാരം എന്നാന്‌ ... ഉത്സവമാകട്ടെ കൊണ്ടാടുന്നത് ചിറങ്കരയിലുമാണ്‌ .. ചിറങ്കര, കൊടിക്കുന്നിനോട് ചേര്‍ന്നുള്ള ഒരു വിഷ്ണു ക്ഷേത്രമാണ്‌ ... കാളകളും പൂതനും തിറയും എല്ലാം ഉള്ള ഒരു വള്ളുവനാടന്‍ പൂരമാണിത്. മറ്റൊരു പ്രത്യേകത ഇതൊരു പാട്ടു താലപ്പൊലിയാണെന്നാണ്‌ .. പാട്ടു കൂറയിട്ട്, 18 കളം പാട്ടുകള്‍ക്കു ശേഷം വരുന്ന വെള്ളീയാഴ്ച(മീനമാസത്തിലെ)യാണ്‌ ചിറങ്കര പൂരം. 18 ദേശങ്ങളാണ്‌ ഈ പൂരത്തില്‍ പങ്കേടുക്കുന്നത്... ഓരോ ദെശവും ഇന്നും പാരമ്പര്യ ആചാരങ്ങളൊന്നും തെറ്റിക്കാതെ വളരെ ആഖോഷപൂര്‍വ്വം പൂരം കൊണ്ടാടുന്നു... ഇതിണോടനുഭന്ധമായി ഞാന്‍ കേട്ടിട്ടുല്ല ചില കാര്യങ്ങളെന്താണെന്നു വച്ചാല്‍ പാട്ടു കൂറയിട്ടു കഴിഞ്ഞാല്‍, പൂരം കഴിഞു കൂറ വലിക്കുന്നതൌ വരെ തട്ടകം വിട്ട് പോവരുത് എന്നാണ്‌.. (കഴിഞ്ഞ വര്‍ഷം ഇതിനിരയായതാണു ഞാന്‍ :( ആ സമയത്ത് എന്നെ വീട്ടില്‍ നിന്നും പതുക്കെ മാറ്റിയിരുന്നു.. നേരിട്ടു കാര്യം പറഞ്ഞാല്‍ ഞാന്‍ പരീക്ഷിക്കാനായി നില്‍ക്കും എന്നറിയുന്നതു കൊണ്ടാവണം, പാട്ടു കൂറയിട്ടു കഴിഞ്ഞ് അമ്പലത്തില്‍ വെടി പൊട്ടിയതിനു ശേഷമേ, എന്നെ വീട്ടിലേക്കു തിരിച്ചു കൊണ്ടു വന്നുള്ളൂ :( ).കൊടിക്കുന്നുമായി ബന്ധപ്പെട്ട മറ്റൊരു ഉത്സവമാണ്‌ കതിരറ്റ വേല... വിളവേടുപ്പിന്റെ ഉത്സവമാണിത്.. ആദ്യമായി വിളയുന്നതിന്റെ ഒരു ഭാഗം നന്ദി സൂചകമായി ദേവിക്കു അര്‍പ്പിക്കുനതും ഇന്നേ ദിവസമാണ്‌ ... കതിരറ്റവേലയുടെ ദിവസം പാക്കനാരുടെ പിന്‍ തലമുറക്കാര്‍ ഇവിടെ ആഘോഷ പൂര്‍വം വന്ന്‌ അവരുടെ കാഴ്ചദ്രവ്യങ്ങള്‍ അര്‍പ്പിച്ചുപോകുന്നു. ഇവിടത്തെ മറ്റൊരു ഉത്സവമാണ്‌ മകരചൊവ്വ.മകരമാസത്തിലെ
ആദ്യത്തെ ചൊവ്വാഴ്ച ഇവിടെ പ്രത്യേക പൂജകള്‍ നടത്തുന്നു.


ക്ഷേത്രത്തിന്റെ അധികാരി സാമൂതിരി രാജയാണ്‌ ... ക്ഷേത്രം ഭാരവാഹികളില്‍, അക്കിത്തവും എം.ടിയും എല്ലാമുണ്ട് ... എല്ലാ വര്‍ഷവും പൂരം പടഹാരത്തോടനുഭന്ധിച്ച് കൊടിക്കുന്ന്‌ ദേവി പുരസ്കാരം  നല്കുന്ന പതിവുമുണ്ട്...

കൊടിക്കുന്നു അമ്പലത്തിലെ ഭഗവതി പടിഞ്ഞാട്ട് തിരിഞ്ഞാണ്‌ഇരിക്കുന്നത്. ഇവിടത്തുകാര്‍ ഒരു കാര്യം ഉറപ്പിച്ചു പറയുന്നതു "കൊടിക്കുന്നത്തമ്മ പടിഞ്ഞാട്ടു തിരിഞ്ഞാണിരിക്കുന്നതെങ്കില്‍ ഞാന് പറയുന്നതു സത്യമാണ്‌ "എന്നു പറഞ്ഞാണ്.ഒരുപാട്‌ ഐതിഹ്യങ്ങള്‍ ഉറങ്ങി കിടക്കുന്നതാണിവിടുത്തെ ഓരോ പ്രദേശവും... എം.ടിയുടെ പടക്കം എന്ന കഥയില്‍ പരാമര്‍ശിച്ചിരിക്കുന്നതു പോലെ, ശിക്ഷിക്കേണ്ടവരെ ശിക്ഷിച്ചും നേര്‍ വഴികാണിച്ചും വിശ്വസിക്കുന്നവര്‍ക്ക് കൂട്ടായും ഒരു ദേവി, ദൈവം എന്നതിനപ്പുറം ഒരു ആത്മ വിശ്വാസമായി, കൈത്താങ്ങായി ഈ നാട്ടുകാര്‍ക്കിടയില്‍ കുടിയിരിക്കുന്നുണ്ട് ... ഇവിടെ അന്ധവിശ്വാസങ്ങള്‍ക്കപ്പുറം അചാരനുഷ്ടാങ്ങളെ വക വക്കുന്ന, അതിനു വളരെയേറെ വില കല്‍പ്പിക്കുന്ന ഒരു വിഭാഗമുണ്ട് ... രോഗമുക്തിക്കും, കാര്‍ഷിക അഭിവൃദ്ധിക്കും, നെടു മാംഗല്യത്തിനും അവറീ നടയില്‍ നിന്നും പ്രാര്ഥിക്കുന്നു... സത്യങ്ങളെന്തോ ആവട്ടെ, ആരോ എവിടെയോ ഇരുന്നു തങ്ങളെ സംരക്ഷിക്കാനുണ്ടെന്ന വിശ്വാസം നല്‍കുന്ന കരുത്തുമായി ജീവിക്കുന്ന ആ ജനതകായി ഇതു സമര്‍പ്പിക്കുന്നു...

എത്തിച്ചേരാന്‍:


പ്രധാനമായും 3 വഴികളിലൂടെ വരാം

1) പട്ടാമ്പി വഴിയാണെങ്കില്‍ പള്ളിപ്പുറം ബസ്സില്‍ കയറി ഏതാണ്ടൊരു 12 കിലോമീറ്ററുകള്‍ക്കുള്ളില്‍ കൊടിക്കുന്ന് എത്തുമ്പോള്‍ ഇറങ്ങുക... ബസ് സ്റ്റോപ്പിനു വളരെ അടുത്താണ്‌ ക്ഷേത്രം.

2) തൃത്താലയില്‍ നിന്നും വെള്ളിയാങ്കല്ലു പാലത്തില്‍ നിന്നും പള്ളിപ്പുറം ഭാഗത്തേക്ക് വന്നാല്‍ ഒരു ഏതാണ്ടൊരു 2-3 കിലോമീറ്ററുകള്‍ക്കുള്ളില്‍ കൊടിക്കുന്ന് എത്താം.

3) വളാന്ചേരി ഭാഗത്തു കൂടി വരുകയാണെനില്‍ അന്ച്ജു മൂല, കരുവാന്‍ പടി വഴി പോകുന്ന ബസ്സുകളില്‍ കയറി, പാലത്തറ ഗേറ്റില്‍ നിന്നും പള്ളിപ്പുറത്തേക്കുള്ള റോഡില്‍ എതാണ്ടൊരു 2 കിലോമീറ്ററുകള്‍ക്കുള്ളില്‍ കൊടിക്കുന്ന് എത്താം.

9 comments:

ഞാന്‍:ഗന്ധര്‍വന്‍ said...

നന്നായി എഴുതിയിരിക്കുന്നു!!
ആശംസകള്‍!

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

നല്ല വിവരണം.ഒന്ന് ചുരുക്കാമായിരുന്നു.
പിന്നെ,അഞ്ജുവിന്റെ പുലക്കാട്ടു തന്നെയാണോ "പുലാക്കാട്ട് രവീന്ദ്രന്‍ "എന്ന ആ പഴയ കവി?

Rahul Das said...

അസ്സലായിട്ടുണ്ട്

Manju Manoj said...

വളരെ നന്നായി അഞ്ചു..... അമ്പലങ്ങളെ കുറിച്ച് വായിക്കാന്‍ എനിക്ക് വെല്യ ഇഷ്ടാണ്... ഐതിഹ്യങ്ങള്‍... നേരാണോ നുണയാണോ എന്നൊന്നും അറിയില്ലെങ്കിലും വായിക്കാന്‍ രസമല്ലേ...

Deepa said...

Ennum njan ishtapedunna vazhikal. Pallippurathu ente veetil ethiyapole.

Nalla vivaranam anju.

പത്രക്കാരന്‍ said...

ഈ നാട്ടുകാരന്‍ ആണെങ്കിലും കൊടിക്കുന്നു ചരിതത്തിലെ അഗ്നിഹോത്രിയുടെ കഥ മാത്രമേ ഞാന്‍ കേട്ടിട്ടുള്ളൂ. ഇങ്ങനത്തെ കഥയൊക്കെ ഇതിനു പിന്നില്‍ ഉണ്ടല്ലേ ? കൊടുങ്ങല്ലൂരമ്മയുമായുള്ള സൌന്ദര്യപിണക്കം ഇഷ്ടപ്പെട്ടു.

തൊഴാന്‍ പോകുന്ന ശീലം ഇല്ലാത്തതിനാല്‍ ദേവിയെ കണ്ട ഓര്‍മയില്ലെങ്കിലും അമ്പലത്തിനടുത്തുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് പോകാന്‍ എത്രയോ തവണ കയറി ഇറങ്ങിയ വലിയ കല്ലുകള്‍ പാകിയ ആ നടവഴി ഒരു പാട് ഇഷ്ടമാണ്.
പരുതൂരുകാരുടെ സ്വകാര്യ അഹങ്കാരം തന്നെയാണ് കൊടിക്കുന്നമ്പലം.

NB : പ്രദേശത്തെ RSS കാരുടെ കേന്ദ്രങ്ങളില്‍ ഒന്നായി മാറിയിട്ടുണ്ട് അമ്പലവും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും. കല്ലുപാകിയ നടവഴിക്കരികെ ദൈവത്തിന്റെ ഗുണ്ടാസംഘങ്ങളുടെ ബഹുവര്‍ണ്ണ പോസ്റ്റെരുകളും തോരണങ്ങളും തൂങ്ങിയാടുന്നത് കാണുമ്പോള്‍ സ്വകാര്യ അഹങ്കാരം അപമാനമായി മാറാതിരുന്നാല്‍ നല്ലത്..

മാഹിക്കാരെ ഇതിലെ ഇതിലെ.... said...

ജീവിതചര്യ മടുക്കുന്നന്ന് നാടുതെണ്ടണം എന്ന് മനസ്സ് പറയാറുണ്ട്. രൂപരേഖ കീശയില്‍ വെക്കാം. ഒരിക്കെല്‍ ഉപകാരപ്പെടും! നന്ദി.

Imran Malik said...

moonis elahi
moonis elahi
moonis elahi
moonis elahi
moonis elahi
moonis elahi
moonis elahi
moonis elahi
moonis elahi
moonis elahi
moonis elahi

Imran Malik said...

moonis elahi
moonis elahi
moonis elahi
moonis elahi
moonis elahi
moonis elahi
moonis elahi
moonis elahi
moonis elahi
moonis elahi
moonis elahi