Thursday, August 27, 2009

നിളേ..

ഇതോ നീയെന്‍ നിളേ, അതോ നിന്റെ
നിഴലില്‍ ,നീ വേഷം ധരിച്ചു കിടപ്പതോ?
കഥയറിയാതെ ഞാനിന്നു നിന്‍ തീരത്ത്,
കളിവീട് വീണൊരു കുട്ടിയായ് നില്‍ക്കുമ്പോ
നിന്റെ മുറിപ്പാടിന്‍ വേദന ഇപ്പൊഴീ,
രാത്രിയെ പോലും വ്യഥയിലാഴ്ത്തീടുമ്പോള്‍..
ഇരുളിന്റെ ഗാഢത കൂട്ടിയീ രാത്രിയും,
നിന്റെ ദു:ഖത്തില്‍ പങ്കു ചേര്‍ന്നീടുന്നു…
ശര ഭൂഷിണിയായ് മരണത്തിന്‍ ശയ്യയില്‍,
കണ്ണീരു പോലും വരണ്ടു കിടക്കുമ്പോള്‍,
വിളറിയൊരാകാശം മേഘങ്ങളില്‍ വറ്റൂം
തണ്ണീര്‍ നിനക്കായി പെയ്യാന്‍ ശ്രമിക്കുന്നു.
ഇടി മുഴക്കത്തിന്റെ രൂപത്തിലുച്ചത്തില്‍,
അലറി കരയുന്നു മേഘങ്ങള്‍ പോലുമേ…
തീരത്തു നില്ക്കും മരങ്ങളില്‍ പൂക്കാലം
വര്‍ണങ്ങള്‍ പെയ്തതും, നിര്‍ജ്ജീവമാകുന്നു..
നിന്നീടുന്ന തേനിന്‍ കണങ്ങളായ്,
സസ്യ ജാലങ്ങള്‍ നിനക്കായ് കരയുമ്പോള്‍…
എങ്ങിനെ ഞാന്‍ നിന്നെ ആശ്വസിപ്പിച്ചിടും?
എങ്ങിനെ ഞാന്‍ നിന്റെ കണ്ണീര്‍ തുടച്ചിടും?
മൌനമായ് ഞാനുള്ളില്‍ പ്രാര്‍ത്ഥിച്ചിടുന്നു നിന്,
നിത്യ ശാന്തിക്കായ് മരണത്തിനും മുന്‍പെ..
ഒരു തുള്ളി വെള്ളം നിന്‍ നാവിലൊറ്റിച്ചിടാന്‍,
എവിടുന്നു ഞാനെന്റെ കൈകള്‍ നനച്ചിടും?
കാണുവാന്‍ പൊലും കിടക്കാത്ത കറുകയാല്‍,
നിനക്കായി എങ്ങിനെ ബലിച്ചോറു നല്കീടും?
മുക്തിക്കു വേണ്ടി ഞാന്‍ നിന്റെ ചിതഭസ്മം
മറ്റേതു നിളയില്‍ നിമഞ്ജനം ചെയ്തിടും?
ഇന്നു നിന്നുള്ളിലവശേഷിക്കുമിത്തിരി വെള്ളം
നിന്‍ കണ്ണീരോ, ഒഴുകുന്ന രക്തമോ?
മാറു പിളര്‍ന്നൊരീ നിന്റെ പുത്രന്മാര്‍ തന്നെ,
ചെയ്യുന്ന പേക്കൂത്തിന്‍ ദൃഷ്ടാന്ത ചിത്രമോ?
നീ ഒഴുകാറുള്ള പാതകള്‍ കോണ്‍ക്രീറ്റിന്‍,
ഭെദ്യമല്ലാതുള്ള വിപിനമായ് മാറുമ്പോള്‍?
നാളെയീ വാനം നിനക്കായിയെത്രയും
പേമാരി പെയ്യിച്ചു നില്ക്കുവില്‍ കൂടിയും..
നിന്റെ അകലമാം ചരമം കുറിച്ചൊരീ മാനവര്‍
നിന്നെ തടഞ്ഞു നിര്‍ത്തീടുകില്‍.. തീരം തഴുകുന്ന
കുഞ്ഞോളമായി നീ എങ്ങിനെ വീണ്ടും ഒഴുകി നടന്നിടും?
അറിയാമെനിക്കു നീ ഉള്ളിലുറപ്പിച്ചാല്‍,
തടയുന്ന ശക്തികള്‍ കുത്തിയൊലിച്ചിടും..
എന്നിട്ടുമെന്തെ നീ സംഹാര രൂപിയായ്,
നിന്റെയതിരുകള്‍ വീണ്ടെടുക്കാത്തതും?
ഒഴുകു നീ എല്ലാം മറന്നൊന്നു കൂടി..
ഒഴുകു നീ ഉള്ളം നിറഞ്ഞൊന്നു കൂടി..
വഴി മുടക്കീടുന്നതെല്ലാം കടലിന്റെ
വഴിയെ പായിച്ചിട്ടു ഒഴുകു നീ വീണ്ടുമേ…